Entertainment news
ലൊക്കേഷനിലെത്തി കുറേനേരം കഴിഞ്ഞിട്ടും എബ്രിഡ് ഷൈന്‍ ഒന്നും പറഞ്ഞില്ല, ഒടുക്കം സുരാജ് ചേട്ടന്‍ അഭിനയിച്ച സീന്‍ കാണിച്ചുതന്നു; വിന്ദുജ മേനോന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 13, 03:55 am
Tuesday, 13th July 2021, 9:25 am

ബാലതാരമായി സിനിമയിലെത്തിയ വ്യക്തിയാണ് വിന്ദുജ മേനോന്‍. ഇപ്പോഴിതാ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് വിന്ദുജ.

എബ്രിഡ് ഷൈന്‍ വിളിച്ചിട്ടാണ് താന്‍ മലേഷ്യയില്‍ നിന്നും ഷൂട്ടിനായി നാട്ടിലെത്തിയതെന്ന് കന്യക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിന്ദുജ പറയുന്നു. ഷൈന്‍ വിളിച്ചപ്പോള്‍ ലൊക്കേഷനില്‍ വരാം, കഥാപാത്രത്തിന് താന്‍ യോജിക്കുന്നുണ്ടോ എന്ന് നോക്കൂവെന്നാണ് അദ്ദേഹത്തിനോട് പറഞ്ഞതെന്നും വിന്ദുജ പറഞ്ഞു.

‘ലൊക്കേഷനിലെത്തി കുറേ നേരം കഴിഞ്ഞിട്ടും ഷൈന്‍ ഒന്നും പറയാതെ ഇരുന്നപ്പോള്‍ എനിക്ക് സംശയമായി. സുരാജ് ചേട്ടന്‍ അഭിനയിച്ച ഒരു സീന്‍ എനിക്ക് കാണിച്ച് തന്ന ശേഷം ഈ സിനിമ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. അപ്പോള്‍ അടുത്തുണ്ടായിരുന്ന നിവിനും സപ്പോര്‍ട്ട് ചെയ്തു. അവര്‍ രണ്ടുപേരുടെയും പോസിറ്റീവ് വൈബിലാണ് ഞാനാ സിനിമ ചെയ്തത്. രണ്ട് സീനേ ഉള്ളൂവെങ്കിലും നല്ല റീച്ച് കിട്ടിയ കഥാപാത്രമായിരുന്നു അത്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ വിന്ദുജ പറഞ്ഞു.

ചിത്രത്തില്‍ വെറും രണ്ട് സീന്‍ മാത്രമേ വിന്ദുജയ്ക്ക് ചെയ്യാനുണ്ടായിരുന്നുള്ളു. മോഷണത്തിനിടെ തന്നെ ഉപദ്രവിച്ച മകനെ പൊലീസില്‍ നിന്നും രക്ഷിക്കാനായി കളവ് പറയേണ്ടി വരുന്ന അമ്മയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ വെറും രണ്ട് സീന്‍ മാത്രമായിട്ടും എന്തുകൊണ്ടാണ് അഭിനയിക്കാന്‍ തയ്യാറായതെന്ന ചോദ്യത്തിനും വിന്ദുജ മറുപടി നല്‍കി. ഇതേ അഭിപ്രായം താന്‍ സംവിധായകന്‍ എബ്രിഡ് ഷൈനിനോടും ചോദിച്ചിരുന്നെന്നും അദ്ദേഹം ആ കഥാപാത്രമായി സ്‌ക്രീനില്‍ കാണണമെന്ന് ആഗ്രഹിച്ച മുഖം തന്റേതാണെന്നും അതുകൊണ്ടാണ് ഈ വേഷം അഭിനയിക്കണമെന്ന് താനാവശ്യപ്പെടുന്നതെന്നുമായിരുന്നു എബ്രിഡ് ഷൈനിന്റെ മറുപടിയെന്നാണ് വിന്ദുജ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vinduja Menon says about Action Hero Biju movie