IPL
ആ 17 റണ്‍സിന്റെ വില 13,000! ഒറ്റ ഇന്ത്യന്‍ താരത്തിന് പോലുമില്ലാത്ത ചരിത്ര നേട്ടം, കരിയര്‍ തിരുത്തി വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 07, 03:06 pm
Monday, 7th April 2025, 8:36 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ആര്‍.സി.ബിക്ക് തിരിച്ചടിയേറ്റിരുന്നു. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട് രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി.

ബോള്‍ട്ടിന്റെ ഫസ്റ്റ് ഓവര്‍ വിക്കറ്റ് മാജിക്കില്‍ മുംബൈ ഏര്‍ളി അഡ്വാന്റേജ് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡോമിനേഷന് അനുവദിക്കാതെ ആര്‍.സി.ബി ബാറ്റിങ് തുടരുകയാണ്.

രണ്ടാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടുകെട്ടുമായി വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ആര്‍.സി.ബിക്ക് മികച്ച തുടക്കം നല്‍കി.

ഇതിനിടെ വിരാട് കോഹ്‌ലി ഒരു ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 13,000 റണ്‍സെന്ന റെക്കോഡിലേക്കാണ് വിരാട് നടന്നുകയറിയത്. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് താരവും ആദ്യ ഇന്ത്യന്‍ താരവുമായാണ് വിരാട് ചരിത്രത്താളുകളില്‍ ഇടം നേടിയത്.

കരിയറിലെ 386ാം ഇന്നിങ്‌സിലാണ് വിരാട് ഈ ഐതിഹാസിക നേട്ടത്തിലെത്തിയത്. ഈ മത്സരത്തിന് മുമ്പ് 12,987 റണ്‍സാണ് വിരാടിന്റെ പേരിലുണ്ടായിരുന്നത്. മുംബൈയ്‌ക്കെതിരെ 17 റണ്‍സ് കൂടി കണ്ടെത്തിയതോടെ വിരാട് 13,000 റണ്‍സ് എന്ന കരിയര്‍ മൈല്‍ സ്‌റ്റോണിലുമെത്തി.

ടി-20യില്‍ ഇന്ത്യന്‍ ദേശീയ ടീമിനും റോയല്‍ ചലഞ്ചേഴ്‌സിനും പുറമെ ആഭ്യന്തര തലത്തില്‍ ദല്‍ഹിക്കും വേണ്ടിയാണ് വിരാട് ടി-20യില്‍ ബാറ്റെടുത്തത്.

ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 455 – 14,562

ആലക്‌സ് ഹേല്‍സ് – 490 – 13,610

ഷോയ്ബ് മാലിക് – 514 – 13,557

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 617 – 13,537

വിരാട് കോഹ്‌ലി – 386* – 13,000+*

ഡേവിഡ് വാര്‍ണര്‍ – 398 – 12,913

 

അതേസമയം, അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി വിരാട് കോഹ്‌ലി ബാറ്റിങ് തുടരുകയാണ്. നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എന്ന നിലയിലാണ് ആര്‍.സി.ബി. 38 പന്ത് നേരിട്ട് 60 റണ്‍സുമായാണ് വിരാട് ബാറ്റിങ് തുടരുന്നത്. പത്ത് പന്തില്‍ എട്ട് റണ്‍സുമായി ക്യാപ്റ്റന്‍ രജത് പാടിദാറാണ് ഒപ്പമുള്ളത്.

ഫില്‍ സാള്‍ട്ടിന് പുറമെ 22 പന്തില്‍ 37 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റുമാണ് ആര്‍.സി.ബിക്ക് നഷ്ടമായത്.

 

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, വിഘ്‌നേഷ് പുത്തൂര്‍.

 

Content Highlight: IPL 2025: MI vs RCB: Virat Kohli completes 13000 T20 runs