Movie Day
തടിയൊക്കെയുണ്ട് അതിനെന്താ ഈ കുട്ടി നന്നായി അഭിനയിക്കുമെന്ന് സുപ്രിയ ചേച്ചി; അതോടെ ആ റോള്‍ എനിക്ക് കിട്ടി: വിന്‍സി അലോഷ്യസ്
മലയാള സിനിമയിലെ യുവനടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് വിന്‍സി അലോഷ്യസ്. രേഖ എന്ന ചിത്രത്തിലൂടെ ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. വളരെ സ്വാഭാവികമായ അഭിനയ രീതി തന്നെയാണ് വിന്‍സിയെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യയാക്കിയത്. വികൃതി എന്ന ചിത്രത്തിലൂടെ തുടങ്ങിയ വിന്‍സിക്ക് നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇക്കാലയളവിനുള്ളില്‍ സാധിച്ചിട്ടുണ്ട്.
സിനിമയില്‍ തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചും അതിന് കാരണമായി പലരും പറയുന്ന തന്റെ ശരീരവണ്ണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകായണ് വിന്‍സി. ജന ഗണ മന എന്ന ചിത്രത്തിലെ വേഷം തനിക്ക് നഷ്ടമാകേണ്ടതായിരുന്നു എന്നും പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മാതാവുമായി സുപ്രിയ കാരണമാണ് ആ വേഷം തനിക്ക് ലഭിച്ചതെന്നുമാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വിന്‍സി പറയുന്നത്.
‘ തടി കാരണം ഞാന്‍ പുതിയ കാലത്തിന് യോജിച്ച ആളല്ല എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ നിരന്തരമായി കേട്ടിരുന്നു. അതെന്തുകൊണ്ടാണ് അങ്ങനെ എന്ന് ഞാന്‍ ആലോചിച്ചിരുന്നു. ആ പതിവ് മാറ്റിയെടുക്കണമെന്നും ആലോചിച്ചു.
അതിനിടയ്ക്കാണ് ജന ഗണ മന യിലേക്ക് വിളി വരുന്നത്. തടി നോക്കണം, ഫോട്ടോ അയക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് സുപ്രിയ ചേച്ചി എന്റെ മാലാഖയായി വരുന്നത്. തടിയൊക്കെയുണ്ട്, അതിനെന്താ ഈ കുട്ടി നന്നായി അഭിനയിക്കും എന്ന് ചേച്ചി പറഞ്ഞു. അതോടെ ആ റോള്‍ ഓക്കെയായി.
പിന്നെ ഭീമന്റെ വഴി, കനകം കാമിനി കലഹം, കരിക്കിന്റെ വെബ് സീരീസ് തുടങ്ങിയ പ്രൊജക്ടുകളുടെ ഭാഗമായി. കനകം കാമിനി കലഹത്തിലൂടെയാണ് എന്റെ ക്യാമറാ പേടി മാറുന്നത്.
അതുപോലെ ഭീമന്റെ വഴിയില്‍ കുഞ്ചാക്കോ ബോബനൊപ്പം ഇന്റിമേറ്റ് സീനുണ്ട്. ചാക്കോച്ചന്‍ എന്റെ മെന്റര്‍ കൂടിയാണ്. പക്ഷേ കൂളായി ആ രംഗങ്ങള്‍ ചിത്രീകരിച്ചു.
സിനിമയുടെ അളവുകോലുകള്‍ക്ക് പുറത്തുള്ള ആളാണ് ഞാന്‍. കുടുംബപശ്ചാത്തലം, തടി, അങ്ങനെയുള്ള അതിരുകളെ മറികടന്നാണ് ഇവിടെ വരെ എത്തിയത്. വാശിയും ആത്മവിശ്വാസവും മാത്രമാണ് എന്റെ ബലം.
ആള്‍ക്കാരെ ഇംപ്രസ് ചെയ്യിക്കുക, നല്ല കുട്ടി എന്ന പേരെടുക്കുക ഇതൊക്കെയായിരുന്നു ഒരു കാലത്ത് ജീവിതലക്ഷ്യം. ആ കൃത്രിമജീവിതം എവിടേയും എത്തിക്കില്ലെന്ന് മെല്ലെ തിരിച്ചറിഞ്ഞു. കംഫര്‍ട്ട് സോണ്‍ വിട്ടാലേ ബോധവും ബുദ്ധിയും വിവരവും ഉണ്ടാകൂ. അപ്പോഴാണ് നമ്മള്‍ ശരിക്കും ജയിക്കുന്നത്,’ വിന്‍സി പറഞ്ഞു.
Content Highlight: Vincy Alocious about her role on Jana Gana mana and Supriya Prithviraj