മലയാളികള്‍ക്കെല്ലാം ഏറെ പരിചിതയായ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മാത്രം മതിയാകും വിനയ എന്ന നടിയെ ഓര്‍ക്കാന്‍. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. സിനിമയില്‍ വിനയ ‘ശ്രീദേവി’ എന്ന കഥാപാത്രമായാണ് എത്തിയത്.
മധു മുട്ടം തിരക്കഥ ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്. വിനയക്ക് പുറമെ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ ഒന്നിച്ച സിനിമ ഈ വര്‍ഷത്തോടെ 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.
വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മോഹന്‍ലാലിന്റെ സണ്ണിയെന്ന കഥാപാത്രം ശ്രീദേവിയോട് തന്റെ ഇഷ്ടം തുറന്നു പറയുന്ന സീന്‍. എന്നാല്‍ സിനിമയില്‍ ശ്രീദേവി സണ്ണിയോട് മറുപടി പറയുന്നതായി കാണിക്കുന്നില്ല.
മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്തതിന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നടി വിനയ. ശ്രീദേവി ആയി പണ്ടത്തെ സണ്ണിക്കുള്ള ഒരു മറുപടി പറയാമോ എന്ന ചോദ്യത്തിന്, പണ്ടത്തെ ആ ശ്രീദേവി ആയിട്ട് ഒരിക്കലും മറുപടി നല്‍കാന്‍ പറ്റില്ലെന്നാണ് വിനയ പറഞ്ഞത്.
‘ഇപ്പോള്‍ വിനയ പ്രസാദായിട്ടോ പുതിയ ഒരു ശ്രീദേവി ആയിട്ടോ മാത്രമേ എനിക്ക് അതിനുള്ള മറുപടി പറയാന്‍ സാധിക്കുകയുള്ളു. പണ്ടത്തെ ആ ശ്രീദേവി ആയിട്ട് ഒരിക്കലും മറുപടി നല്‍കാന്‍ പറ്റില്ല. എന്തുകൊണ്ടാണ് അങ്ങനെയെന്ന് വേണമെങ്കില്‍ ചോദിക്കാം. പക്ഷെ ആലോചിച്ചാല്‍ മറുപടി ലഭിക്കും.
സണ്ണി അവിടെ വെച്ച് തന്റെ ഇഷ്ടം ശ്രീദേവിയോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതൊരു ബ്രാഹ്‌മിണ്‍ തറവാടാണ്. സണ്ണിയാകട്ടെ ഒരു ക്രിസ്ത്യനാണ്. അച്ഛനും അമ്മയും സമ്മതിക്കുമോയെന്ന സംശയങ്ങളും അവള്‍ക്ക് ഉണ്ടാകും. ശ്രീദേവി എന്തായാലും അങ്ങനെ ആലോചിക്കാന്‍ സാധ്യതയുണ്ട്.
ആ ഷോട്ടില്‍ വെച്ച് അങ്ങനെ ആലോചിച്ചിട്ടില്ല. കാരണം ആ സമയത്ത് അവളുടെ മുഖത്തൊരു സന്തോഷം കാണാം. ഒരു നാണവും ഉണ്ടായിരുന്നു. പക്ഷെ ശ്രീദേവി അത്ര ബോള്‍ഡായ കഥാപാത്രമല്ല. ഒരു പാവം നാടന്‍ സ്ത്രീയാണ്. അപ്പോള്‍ പെട്ടെന്ന് മറുപടി പറയാന്‍ പറ്റില്ല,’ വിനയ പ്രസാദ് പറഞ്ഞു.
Content Highlight: Vinaya Prasad Talks About Why Sreedevi Didn’t Gave Replay To Sunny In Manichithrathazhu