ജാവ സീന്‍ സ്‌ക്രിപ്റ്റിലില്ലായിരുന്നു, അല്‍ഫോണ്‍സ് കട്ട് വിളിക്കാഞ്ഞതുകൊണ്ട് കയ്യില്‍ നിന്നിട്ട ഡയലോഗുകളാണ്: വിനയ് ഫോര്‍ട്ട്
Film News
ജാവ സീന്‍ സ്‌ക്രിപ്റ്റിലില്ലായിരുന്നു, അല്‍ഫോണ്‍സ് കട്ട് വിളിക്കാഞ്ഞതുകൊണ്ട് കയ്യില്‍ നിന്നിട്ട ഡയലോഗുകളാണ്: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th November 2022, 11:44 pm

അല്‍ഫോണ്‍സ് ചിത്രം പ്രേമത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച വിമല്‍ സാര്‍. വിമല്‍ സാറിന്റെ പല സീക്വന്‍സുകളും പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. പ്രേമത്തില്‍ ജാവയെ പറ്റി ക്ലാസെടുക്കുന്ന സീന്‍ യഥാര്‍ത്ഥത്തില്‍ സ്‌ക്രിപ്റ്റിലില്ലായിരുന്നു എന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് ജാവ ക്ലാസിലെ രംഗത്തില്‍ അല്‍ഫോണ്‍സ് പുത്രന്റെ പങ്കിനെ പറ്റി വിനയ് പറഞ്ഞത്.

‘എന്റെ കഴിവല്ല, ഞാന്‍ അഭിനയിച്ച് പറത്തിയതല്ല, ഫിലിം മേക്കറുടെ കഴിവാണ്. പ്രേമം കഴിഞ്ഞ്‌ അതുപോലൊരു സിനിമ വന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് പൂര്‍ണമായും സംവിധായകന്റേതാണ്. എന്റെ എന്തോ ഭാഗ്യം കൊണ്ട് എനിക്ക് ആ കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റി. പ്രേമത്തിന് മുമ്പ് ഒരാളും എന്നെ കോമഡി ചെയ്യാന്‍ വിളിച്ചിട്ടില്ല. കുറച്ചുകൂടി ഇന്റന്‍സായ അപൂര്‍വ രാഗം, സെവന്‍ത് ഡേ പോലെയുള്ള പരിപാടികളായിരുന്നു.

ജാവ സീക്വന്‍സ് ശരിക്കും സ്‌ക്രിപ്റ്റിലില്ല. ഞാന്‍ ക്ലാസില്‍ പഠിപ്പിക്കുന്നു. പടത്തിലെ നായകന്റെ എന്‍ട്രി, നിവിന്‍ പോളിയും ടീമും വരുന്നു. അങ്ങനെയായിരുന്നു. ഒന്നാമത്തെ കാര്യം ഞാനായിരുന്നില്ല കമ്പ്യൂട്ടര്‍ സാര്‍, സൗബിനായിരുന്നു. പക്ഷേ ജാവയുടെ ഡെഫിനിഷന്‍ പഠിക്കാന്‍ പറഞ്ഞപ്പോള്‍ മച്ചാന്റെ കയ്യീന്ന് പോയി. പുള്ളി ഇടക്കിടക്ക് ഇരുന്ന് വായിക്കുന്നത് കാണാം.

പെട്ടെന്ന് ഒരു ദിവസം നോക്കിയപ്പോള്‍ പരിപാടി മാറി. മച്ചാനേ ഞാന്‍ കമ്പ്യൂട്ടര്‍ സാറായാല്‍ ശരിയാവൂല്ല, ഞാന്‍ ഇത്രയും പഠിച്ച് സാറായെന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കില്ല, ഞാന്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പി.ടി സാര്‍, ഇയാളെ ജാവ സാറാക്കാമെന്ന് അല്‍ഫോണ്‍സിനോട് സൗബിന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ജാവ സാറായി. എനിക്കും തന്നു, ഡെഫിനിഷന്‍ പഠിക്കാന്‍.

അപ്പോള്‍ ഞാന്‍ ക്ലാസെടുക്കുകയാണ്. ഡെഫിനിഷന്‍ ഒരു സ്റ്റേറ്റ്‌മെന്റ് പോലത്തെ പരിപാടിയാണല്ലോ. ബുക്ക് നോക്കിയപ്പോള്‍ ജാവയുടെ പ്രോപ്പര്‍ട്ടീസ് ഉണ്ട്. ജാവ സിമ്പിളാണ്, പവര്‍ഫുള്ളാണ് എന്നൊക്കെ പറയുന്നത് പല കാര്യങ്ങളാണല്ലോ. ഞാന്‍ അത് വെറുതെ തുടങ്ങിയതാണ്. നോക്കുമ്പോള്‍ പിള്ളേര് ചിരിക്കുന്നുണ്ട്. എന്തിനാണ് ചിരിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. അല്‍ഫോണ്‍സും ചിരിക്കുന്നുണ്ട്. കട്ട് പറയുന്നില്ല.

ഞാനാണെങ്കില്‍ മുഴുവന്‍ കഴിഞ്ഞു. ഒരു പൂച്ച ജനലില്‍ കൂടി പുറത്തേക്ക് നോക്കുന്നുണ്ട്, പട്ടി പുറത്ത് നിന്നും ഇറച്ചി തിന്നുന്നുണ്ട്, ഞാന്‍ തോന്നിയതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാം കഴിഞ്ഞ് നിര്‍ത്തിയിട്ട് നോക്കുന്ന അവസ്ഥ വരെ ഉണ്ടായി. അപ്പോഴാണ് കട്ട് പറഞ്ഞത്. ഓക്കെ ക്യാമറ എടുക്ക് ഈ ആങ്കിളില്‍ എടുക്കാമെന്ന് അല്‍ഫോണ്‍സ് പറഞ്ഞു. അതൊരു ഫിലിം മേക്കറിന്റെ ഇന്റലിജന്‍സ് ആണ്. അയാള്‍ക്ക് മനസിലാവും അത് വര്‍ക്കാകുമെന്ന്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: vinay fortt talks about java sequence in premam movie