ഞാൻ സ്ഥിരമായി ആ നടന്റെ സിനിമകൾ കാണുമായിരുന്നു, പിന്നെ നിർത്തി: വിനയ് ഫോർട്ട്‌
Entertainment
ഞാൻ സ്ഥിരമായി ആ നടന്റെ സിനിമകൾ കാണുമായിരുന്നു, പിന്നെ നിർത്തി: വിനയ് ഫോർട്ട്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th February 2024, 7:23 pm

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ് വിനയ് ഫോർട്ട്‌. തിയേറ്റർ ആർട്ടിസ്റ്റായി കരിയർ തുടങ്ങിയ വിനയ് വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ എപ്പോഴും ശ്രമിക്കാറുണ്ട്.

തനിക്കൊരു സോണിലേക്ക് മാത്രം ഒതുങ്ങാൻ താത്പര്യമില്ലെന്ന് വിനയ് പറയുന്നു. ഒരു സമയത്ത് താൻ സ്ഥിരമായി ബോളിവുഡ് നടൻ ആയുഷ്മാന്റെ സിനിമകൾ കാണുമായിരുന്നുവെന്നും പിന്നീട് അത് നിർത്തിയെന്നും വിനയ് പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ സ്ഥിരമായിട്ട് ആയുഷ്മാന്റെ എല്ലാ സിനിമകളും കാണുമായിരുന്നു. പിന്നെ ഞാൻ നിർത്തി. ദം ലഗാ കെ ഹൈശാ എന്ന പടം എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ്.

അതെനിക്ക് വളരെ വർക്ക്‌ ആയ സിനിമയാണ്. അതിന് ശേഷമുള്ള ഒന്ന് രണ്ട് സിനിമകളും വർക്കായി. പക്ഷെ പിന്നെ കണ്ടപ്പോൾ എനിക്ക് വർക്ക്‌ ആയില്ല,’ വിനയ് പറയുന്നു.

ഒരേ ടൈപ്പിൽ ഒതുങ്ങേണ്ട കാര്യമില്ലെന്നും താരമൂല്യമുള്ളവർ ചെയ്യുന്ന തരത്തിലുള്ള വേഷങ്ങൾ തന്റെ രീതിയിൽ ചെയ്യാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും വിനയ് പറഞ്ഞു.

നമ്മൾ അതിൽ ഒതുങ്ങേണ്ട കാര്യമില്ല. ഞാൻ മാറി നിന്ന് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് ഈ പറയുന്ന ആളുകൾ ചെയ്യുന്നത് നമുക്ക് ചെയ്യാൻ കഴിയും. ആത്മവിശ്വാസ കൂടുതൽ ഉള്ളത്കൊണ്ടാണോ എന്നറിയില്ല.

താരമൂല്യവും സാറ്റലൈറ്റ് വാല്യൂവുമെല്ലാം ഉള്ള താരങ്ങൾ ചെയ്യുന്ന വേഷങ്ങൾ എന്റേതായ രീതിയിൽ എനിക്ക് ചെയ്യാൻ കഴിയും. അവർ ചെയ്യുന്ന പോലെ ആയിരിക്കില്ല ഞാൻ ചെയ്യുമ്പോൾ. പക്ഷെ ആ കഥാപാത്രത്തോട് എനിക്ക് നീതി കാണിക്കാൻ കഴിയും.

അതുകൊണ്ട് തന്നെ ഒരു മിഡിൽ ക്ലാസ്സ്‌ സോണിലുള്ള പടങ്ങൾ സ്ഥിരമായി വരുമ്പോൾ എനിക്ക് ബോറടിക്കുകയാണ്. അങ്ങനെയുള്ള വേഷങ്ങൾ ചെയ്യില്ല എന്നല്ല. പക്ഷെ അത്രയും നല്ല കഥാപാത്രങ്ങൾ ആവണം,’വിനയ് ഫോർട്ട്‌ പറയുന്നു.

Content Highlight: Vinay Fortt Talk About Ayushman Khurrana