അവന്‍ ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാകും; പ്രസ്താവനയുമായി ഇന്ത്യന്‍ ബാറ്റിങ് കോച്ച്
Sports News
അവന്‍ ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാകും; പ്രസ്താവനയുമായി ഇന്ത്യന്‍ ബാറ്റിങ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st July 2024, 8:28 pm

ടി-20 ലോകകപ്പും സിംബാബ്‌വെ പര്യടനവും സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

ആരാധകര്‍ ഏറെ ആകാംശയോടെ കാത്തിരുന്ന രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡ് പുറത്ത് വിട്ടപ്പോള്‍ വൈസ് ക്യാപ്റ്റനായി എത്തിയത് ശുഭ്മന്‍ ഗില്ലാണ്. സിംബാബ്‌വെ പര്യടനത്തില്‍ ക്യാപ്റ്റനായി അരങ്ങേറ്റം നടത്തിയപ്പോള്‍ 4 -1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ യുവക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയിരിക്കുന്ന ഗില്ലിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍. ഗില്ലിന് ദീര്‍ഘകാലം ഇന്ത്യയുടെ ക്യാപ്റ്റനാവാനുള്ള കഴിവുണ്ടെന്നാണ് വിക്രം പറയുന്നത്.

‘നെറ്റ്‌സില്‍ അവനെ ആദ്യമായി കണ്ടപ്പോള്‍ എനിക്ക് വലിയ മതിപ്പുതോന്നി. അവന്‍ ഒരു പ്രത്യേക പ്രതിഭയാണ്, ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റിനെ സേവിക്കാന്‍ അവന് കഴിയും. വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അവന് നന്നായി അറിയാം, വെല്ലുവിളികളില്‍ നിന്ന് ഒരിക്കലും അവന്‍ ഓടിപ്പോകില്ല,’ വിക്രം റാത്തോര്‍ ഇന്ത്യന്‍ എകസ്പ്രസിനോട് പറഞ്ഞു.

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ 42.50 ശരാശരിയില്‍ 125.93 സ്ട്രൈക്ക് റേറ്റില്‍ 170 റണ്‍സാണ് ഗില്‍ നേടിയത്. ഇതോടെ അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനാവാനും ഗില്ലിന് സാധിച്ചിരുന്നു.

 

Content Highlight: Vikram Rathour Talking About Shubhman Gill