മലയാളത്തിന് മികച്ച സിനിമകള്‍ നല്‍കിയിട്ടുള്ള സംവിധായകരില്‍ ഒരാളാണ് വിജി തമ്പി. 1988ല്‍ പുറത്തിറങ്ങിയ ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് ആണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വ്യക്തി കൂടെയാണ് വിജി.
ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ 2013ല്‍ പുറത്തിറങ്ങിയ തന്റെ നാടോടിമന്നന്‍ എന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് വിജി തമ്പി. ദിലീപ്, സയാജി ഷിന്‍ഡെ, നെടുമുടി വേണു, അനന്യ, അര്‍ച്ചന കവി, മൈഥിലി എന്നിവര്‍ അഭിനയിച്ച ചിത്രമായിരുന്നു ഇത്.
ഇന്ന് ഗ്രാഫിക്‌സിന്റെ സാധ്യതകള്‍ അനന്തമാണെന്നും അതേസമയം അത് വളരെ ചെലവേറിയ സംഗതി കൂടിയാണെന്നും വിജി തമ്പി പറയുന്നു. തന്റെ നാടോടിമന്നന്‍ എന്ന സിനിമ ഒരു വര്‍ഷം പെട്ടിയിലായി പോയതിന്റെ കാരണം തന്നെ അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ലോകസിനിമകള്‍ കാണുന്നതും അറിയുന്നതും നല്ലത് തന്നെയാണ്. പക്ഷേ ഇവിടെ അനാവശ്യമായ ഒരു കമ്പാരിസണ്‍ വരുന്നത് ഗൗരവമായി കാണുന്നു. ഉദാഹരണത്തിന് ബാഹുബലി എന്ന ചിത്രം പരിശോധിക്കാം. അത് കാണുന്ന മലയാളി ബാഹുബലി പോലൊരു ചിത്രം നമുക്കുവേണം എന്ന് ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ?
തെലുങ്ക് സിനിമയുടെ മാര്‍ക്കറ്റ് എവിടെ? നമ്മുടെ പാവം മലയാളം ഇന്‍ഡസ്ട്രിയുടെ മാര്‍ക്കറ്റ് എവിടെ? ബജറ്റ് എവിടെയൊക്കെ പരിധിവിട്ടിട്ടുണ്ടോ അവിടെല്ലാം തിരിച്ചടി നേരിട്ട ചരിത്രമാണ് നമ്മുടെ ഇന്‍ഡസ്ട്രിക്കുള്ളത്. ഇവിടെ നമ്മള്‍ പ്രായോഗികമായി ചിന്തിക്കുന്നതാണ് നല്ലത്.
ഇന്ന് ഗ്രാഫിക്‌സിന്റെ സാധ്യതകള്‍ അനന്തമാണ്. അതേസമയം, അത് വളരെ ചെലവേറിയ സംഗതി കൂടിയാണ്. എന്റെ നാടോടിമന്നന്‍ എന്ന ചിത്രം ഒരു വര്‍ഷം പെട്ടിയിലായി പോയതിന്റെ കാരണം തന്നെ അതാണ്.
ഒരു മലയാളം സിനിമയെ സംബന്ധിച്ചിടത്തോളം ഒരു കൊല്ലം പെട്ടിയില്‍ ഇരിക്കുക എന്നു പറയുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അത്രയധികം സാമ്പത്തികബാധ്യതയാണ് അതിലൂടെ നിര്‍മാതാവിന് വന്നുചേരുക,’ വിജി തമ്പി പറയുന്നു.
Content Highlight: Viji Thampi Talks About Nadodimannan Movie