വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറസാന്നിധ്യമാണ് നടന്‍ വിജയരാഘവന്‍. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു ഫലിപ്പിച്ചു കഴിഞ്ഞു. മലയാളത്തിന്റെ നാടകാചാര്യന്മാരില്‍ ഒരാളായ എന്‍. എന്‍. പിള്ളയുടെ മകനാണ് വിജയ രാഘവന്‍. കഴിഞ്ഞ വര്‍ഷം റിലീസായ പൂക്കാലത്തിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ നടി തന്റെ അച്ഛന്റെ പെങ്ങളാണെന്ന് പറയുകയാണ് വിജയരാഘവന്‍. താന്‍ ഡിഫറെന്റ് ആയിട്ടുള്ള ബോഡി ലാംഗ്വേജ് കൊണ്ട് വരാന്‍ കാരണം തന്റെ ചിറ്റയാണെന്നും അവര്‍ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും നടക്കുന്നതും ഇരിക്കുന്നതും ഇമവെട്ടുന്നത് പോലും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അച്ഛന്‍ തന്നെ അഭിനയത്തിന്റെ കാര്യത്തില്‍ അധികം സ്വാധീനിച്ചിട്ടില്ലെന്നും ചിറ്റയാണ് തന്നെ സ്വാധീനിച്ചതെന്നും പറഞ്ഞ വിജയരാഘവന്‍ അഭിനയത്തിലെ തന്റെ റോള്‍ മോഡലും ചിറ്റയാണെന്ന് കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ നടി എന്റെ ചിറ്റയാണ്. അച്ഛന്റെ പെങ്ങള്‍. ഞാന്‍ ഡിഫറെന്റ് ആയിട്ട് എന്റെ ബോഡി ലാംഗ്വേജ് ഒക്കെ കൊണ്ട് വരാന്‍ കാരണം എന്റെ ചിറ്റയാണ്. ചിറ്റ അങ്ങനെയാണ്. ഓരോ കഥാപാത്രങ്ങളും നടക്കുന്നത് വ്യത്യസ്തമായിരിക്കും, ഇരിക്കുന്നത് വ്യത്യസ്തമായിരിക്കും.
നടപ്പിലും എടുപ്പിലും എന്തിനേറെ പറയുന്നു കണ്ണിലെ ഇമവെട്ടലില്‍ വരെ കഥാപാത്രങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തത കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കാറുണ്ടായിരുന്നു. അതൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അച്ഛന്‍ എന്നാല്‍ എന്നെ അത്തരം കാര്യങ്ങള്‍ സ്വാധീനിച്ചിട്ടില്ല. എനിക്കെല്ലാം പറഞ്ഞു തന്ന എന്റെ എല്ലാം എല്ലാം ആയ ഒരാളാണെന്റെ അച്ഛന്‍, എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ ഏറെ സ്വാധീനിച്ചതും എന്റെ റോള്‍ മോഡലും ചിറ്റയാണ്,’ വിജയരാഘവന്‍ പറയുന്നു.
മലയാള നാടക ചരിത്രത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഓമന പിള്ള. 1954ല്‍ ‘അസ്ലാമും അലൈക്കും’ എന്ന നാടകത്തിലൂടെ പകരക്കാരിയായാണ് അരങ്ങിലെത്തിയത്. പിതാവിന്റെ മരണശേഷം അവര്‍ ഒളശ്ശയില്‍ എന്‍.എന്‍.പിള്ളയ്ക്കൊപ്പവും പിന്നീട് പിള്ളയുടെ മകന്‍ വിജയരാഘവനൊപ്പവുമാണ് താമസിച്ചിരുന്നത്. ഒളശ്ശയില്‍ വിശ്വകേരള കലാസമിതിയുടെ കലാകാരി എന്ന നിലയില്‍ മിന്നുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് അവര്‍ ജീവന്‍ നല്‍കി. 32 നാടകങ്ങളില്‍ ബഹുമുഖ വേഷങ്ങള്‍ ചെയ്ത അവര്‍ രണ്ട് സിനിമകളിലും അഭിനയിച്ചു. സംസ്ഥാന അവാര്‍ഡിന് പുറമേ, 2008ല്‍ നാടക മേഖലക്ക് അവര്‍ നല്‍കിയ സംഭാനകള്‍ക്ക് സംഗീത നാടക അക്കാദമി അവാര്‍ഡും നേടി.