നല്ല പാന്റും ലിപ്സ്റ്റിക്കും ധരിച്ചെത്തുന്നവര്‍ നല്ല കള്ളം പറയുന്നവരുമാണ്; അധിക്ഷേപ പരാമർശവുമായി എ. വിജയരാഘവന്‍
Kerala News
നല്ല പാന്റും ലിപ്സ്റ്റിക്കും ധരിച്ചെത്തുന്നവര്‍ നല്ല കള്ളം പറയുന്നവരുമാണ്; അധിക്ഷേപ പരാമർശവുമായി എ. വിജയരാഘവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th October 2024, 9:49 pm

ചന്തക്കുന്ന്: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. നല്ല പാന്റും ഷര്‍ട്ടും ലിപ്സ്റ്റിക്കും ധരിച്ചെത്തുന്നവര്‍ നല്ല കള്ളം പറയുന്നവരാണെന്ന് മനസിലാക്കണമെന്നാണ് വിജയരാഘവന്‍ പറയുന്നത്.

കേരളവും സര്‍ക്കാരും മോശമാണെന്ന് നിരന്തരമായി പറയാന്‍ പി.വി. അന്‍വര്‍ പണം കൊടുത്ത് കുറച്ച് പേരെ നിര്‍ത്തിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

ചന്തക്കുന്നില്‍ വെച്ച് നടന്ന സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിന് മറുപടി നല്‍കുകയായിരുന്നു എ. വിജയരാഘവന്‍.

‘കളളം പറയുന്നതില്‍ തെറ്റില്ല. ജീവിക്കാന്‍ വേണ്ടി നമ്മള്‍ എന്തെല്ലാം ചെയ്യുന്നു. ഇതിനെയും അങ്ങനെ കണ്ടാല്‍ മതി. ഞാന്‍ പറഞ്ഞ കാര്യം നിങ്ങള്‍ സ്‌നേഹപൂര്‍വം മനസിലാക്കണം,’ എന്നും വിജയരാഘവന്‍ പറഞ്ഞു.

പി.വി. അന്‍വര്‍ ഏറ്റവും വലിയ കള്ളത്തരത്തിന്റെ ആളാണെന്ന് പറഞ്ഞ മാധ്യമങ്ങള്‍ ഇപ്പോള്‍ നേരം വെളുക്കുമ്പോഴേക്കും അന്‍വറിന്റെ വീട്ടിലെത്തുമെന്നും എ. വിജയരാഘവന്‍ പറയുകയുണ്ടായി.

ഒതായിലെത്താനുള്ള ബുദ്ധിമുട്ട് നിങ്ങള്‍ക്കറിയുമോ എന്ന് ചോദിച്ച സി.പി.ഐ.എം നേതാവ്, മനുഷ്യര്‍ നീന്തിതുഴഞ്ഞ് എത്തിയിരുന്ന സ്ഥലത്തേക്കാണ് അന്‍വറിന്റെ വീട്ടിലെ പൂച്ചയും പട്ടിയും കോഴിയുമെല്ലാം എഴുന്നേല്‍ക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ എത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോൾ പി.വി. അന്‍വര്‍ ലോകത്തിലെ ഏറ്റവും നല്ല വ്യക്തിയായി മാറി. രാവിലെ മുതല്‍ അന്‍വറിനെ കുറിച്ചുള്ള സുവിശേഷങ്ങളാണ്. രാത്രി ചാനലുകള്‍ വാര്‍ത്തകള്‍ അവസാനിപ്പിക്കുന്നത് നാളെ അന്‍വറിന്റെ മറ്റു വിശേഷങ്ങള്‍ കാണാമെന്ന് പറഞ്ഞുകൊണ്ടാണെന്നും വിജയരാഘവന്‍ പറഞ്ഞു.

കേരളത്തിലെ മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടത്തികൊണ്ടിരിക്കുന്നതെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസ്-സി.പി.ഐ.എം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്നും എ. വിജയരാഘവന്‍ പറയുകയുണ്ടായി. മലപ്പുറത്തിന് വേറെ അര്‍ത്ഥം കൊടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വര്‍ഗീയ കണ്ണിലൂടെ മലപ്പുറത്തെ കാണുന്നത് തെറ്റാണെന്നും വിജയരാഘവന്‍ പറഞ്ഞു.

നിലമ്പൂര്‍ ആയിഷ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വിശദീകരണയോഗത്തില്‍ വെച്ചാണ് എ. വിജയരാഘവന്‍ മാധ്യമങ്ങളെ അധിക്ഷേപിച്ചത്.

Content Highlight: Vijayaraghavan Insulting journalists