മോഹന്‍ലാലും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളായി ലോഹിതദാസിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്ത് വന്ന ചിത്രമാണ് കന്മദം. ഒരു കുടുംബത്തിന്റെ അത്താണിയായ ഭാനുവിന്റേയും അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന വിശ്വനാഥന്റേയും കഥ പറഞ്ഞ ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
എന്നാല്‍ സിനിമയിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ കന്മദത്തിലെ ചുംബനരംഗത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. വിശ്വനാഥന്‍ ഭാനുവിനെ നിര്‍ബന്ധപൂര്‍വം ചുംബിച്ചത് റൊമാന്റിസൈസ് ചെയ്തുവെന്നും അതുവരെ ശക്തയായ സ്ത്രീ കഥാപാത്രം എന്ന നിലയില്‍ അവതരിപ്പിച്ച ഭാനു ഒരു ചുംബനത്തില്‍ അലിഞ്ഞുപോയി എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് ഈ രംഗത്തിനെതിരെ ഉയര്‍ന്നത്.
എന്നാല്‍ അതൊരു ലൈംഗികമായ കടന്നുകയറ്റമാണ് ഉദ്ദേശിച്ചതെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് പറയുകയാണ് ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കര്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് ശങ്കറിന്റെ പ്രതികരണം.
‘കന്മദത്തിലെ ഭാനുമതിയെപ്പോലെ ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ കുറവാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വിശ്വനാഥന്‍ മഞ്ജു വാര്യരുടെ ഭാനുവിനെ ചുംബിക്കുന്ന രംഗം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ രംഗമാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിലെ സിനിമാചര്‍ച്ചകളില്‍. ആ രംഗം സ്ത്രീശരീരത്തിലേക്ക് ആര്‍ക്കും കടന്നുകയറാമെന്ന സന്ദേശമാണ് നല്‍കുന്നത് എന്നതാണ് പ്രധാന വിമര്‍ശനം. ഒരു മകനെന്ന നിലയില്‍ ഇതേക്കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ സാധിക്കില്ല. ഒരു പ്രേക്ഷകനെന്ന നിലയില്‍ ഞാന്‍ പറയാം.
വിശ്വനാഥന്‍ ഒരു ലൈംഗികമായ കടന്നുകയറ്റമാണ് ഉദ്ദേശിച്ചത് എന്ന് ആ രംഗം മുഴുവന്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയിട്ടില്ല. തന്റെ ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ച് ദേഷ്യത്തിന്റെ പരുക്കന്‍ മുഖംമൂടി എടുത്തണിഞ്ഞ ഒരു സ്ത്രീയാണ് ഭാനുമതി. അവളെ അവളിലേക്ക് കൊണ്ടുവരാന്‍, ആ മുഖം മൂടി അഴിച്ചുടക്കാന്‍ അവളെ സ്‌നേഹിക്കുന്ന വിശ്വനാഥന്‍ ഉപയോഗിച്ച ഒരു മാര്‍ഗമായിരുന്നു ആ ചുംബനം.
ഭാനുമതിയുടെ ജീവിതത്തില്‍ തനിക്ക് എന്തോ ഒരു സ്ഥാനമുണ്ടെന്ന് വിശ്വനാഥന്‍ ഇത്രയും നാളത്തെ പരിചയത്തില്‍ മനസ്സിലാക്കിയിരിക്കാം. ചുംബനത്തിന് ശേഷം അവള്‍ പറയുന്നത്, എന്നെ മോഹിപ്പിക്കരുത് എന്നാണ്. അതിന്റെ അര്‍ഥം എന്താണ്? അവളും അയാളെ സ്‌നേഹിക്കുന്നു എന്നായിരിക്കില്ലേ. സന്ദര്‍ഭവും സാഹചര്യവും കൂടി വിലയിരുത്തിയാല്‍ മാത്രമേ ശരിയും ശരികേടും എന്താണെന്ന് പറയാനാകൂ. എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. ഞാന്‍ ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം.
സിനിമയിലെ നായകനോ നായികയോ സര്‍വഗുണ സമ്പന്നന്‍ ആയിരിക്കണമെന്നില്ല. നമ്മള്‍ ആരുടെ കാഴ്ചപ്പാടില്‍ നിന്നാണ് കഥ പറയുന്നത് അയാളാണ് നായകന്‍ അല്ലെങ്കില്‍ നായിക. ഇപ്പോള്‍ രാമായണം രാവണന്റെ കാഴ്ചപ്പാടിലാണ് പറയുന്നത് എങ്കില്‍ രാമനായിരിക്കും വില്ലന്‍. രാമനോട് പ്രണയാഭ്യര്‍ഥന നടത്തിയതിന്റെ പേരില്‍, സ്വന്തം സഹോദരിയുടെ മൂക്കും മാറും അരിഞ്ഞുകളഞ്ഞു രാമന്റെ സഹോദരന്‍ ലക്ഷമണന്‍. അവിടെ തന്നെ ശ്രീരാമന്റെ നായക പരിവേഷത്തിന് കളങ്കമേറ്റു.
അധികം വൈകാതെ തന്നെ രാവണന്‍ സീതയെ ലങ്കയിലേക്ക് കടത്തിക്കൊണ്ടു പോരുന്നു. തടവില്‍ പാര്‍പ്പിക്കാതെ അശോകവനത്തില്‍ അതിഥിയെപ്പോലെയാണ് രാവണന്‍ സീതയെ താമസിപ്പിക്കുന്നത്. അയാള്‍ സീതയെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചില്ല. എന്നാല്‍ രാമനാകട്ടെ ലങ്കായുദ്ധം വിജയിച്ച് സീതയെ കൊണ്ടുപോയതിന് ശേഷം അപവാദ പ്രചരണങ്ങളെ ഭയന്ന് സീതയെ കാട്ടില്‍ ഉപേക്ഷിച്ചു. അങ്ങനെയാണെങ്കില്‍ രാമായണത്തിലെ ഏറ്റവും സ്ത്രീവിരുദ്ധനായ കഥാപാത്രം രാമനല്ലേ? സിനിമയേക്കാള്‍ സ്ത്രീവിരുദ്ധത നിറഞ്ഞതാണ് പുരാണങ്ങളും ഇതിഹാസങ്ങളും. അവയെ തിരുത്തണമെന്ന് ആരും പറയുന്നത് കേട്ടിട്ടില്ല. മനുഷ്യവിരുദ്ധമായ കാര്യങ്ങളെ ഗ്ലോറിഫൈ ചെയ്യുമ്പോഴാണ് തെറ്റുകള്‍ സംഭവിക്കുന്നത്. സിനിമ കണ്ട് നന്നാകുന്നവരും നശിക്കുന്നവരുമുണ്ടോ?… എനിക്ക് തോന്നുന്നില്ല,’ വിജയ് ശങ്കര്‍ പറഞ്ഞു.
Content Highlight: Vijay Shankar says the kissing scene in Kanmadam does not seem to be a sexual intrusion