Entertainment
എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി ആ ചിത്രത്തിന്റെ രണ്ടാംഭാഗം വരുമെന്നാണ് എന്റെ പ്രതീക്ഷ: വിദ്യാസാഗർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 04, 11:04 am
Monday, 4th March 2024, 4:34 pm

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമകളില്‍ ഒന്നാണ് 1998ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബത്ലഹേം’.

മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. മലയാളത്തിലെ മികച്ച അതിഥി വേഷങ്ങളിലൊന്നായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റേത്.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച് രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. രണ്ടാംഭാഗത്തിനുള്ള ചെറിയ സാധ്യതകൾ ബാക്കി വെച്ചായിരുന്നു സിനിമയന്ന് അവസാനിച്ചത്. ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാവുമോയെന്ന് പ്രേക്ഷകർ ഒരുപാട് വട്ടം ചർച്ച ചെയ്തിട്ടുണ്ട്.

പ്രേക്ഷകരെ പോലെ താനും ആ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും പ്രേക്ഷകർക്കിടയിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കിയ സിനിമയാണ് അതെന്നും ചിത്രത്തിന്റെ സംഗീത സംവിധായകൻ വിദ്യാസാഗർ പറയുന്നു.

 

‘ഞാനും ആ ചിത്രത്തിനായി കാത്തിരിക്കുകയാണ്. സമ്മർ ഇൻ ബത്ലഹേമിന്റെ ഇമ്പാക്ട് എത്ര വലുതാണെന്ന് നമുക്ക് അറിയാം. എല്ലാവരും മനസിൽ കൊണ്ട് നടക്കുന്ന ആയിരം ചോദ്യങ്ങൾ ആ സിനിമയിലുണ്ട്. പിന്നെ അതിലെ പാട്ടുകളുണ്ട്. അതിന്റെ കഥയും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകർക്കിടയിൽ ഇന്നുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും ഒരു മറുപടി പ്രതീക്ഷിക്കുന്നുണ്ട്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്,’വിദ്യാസാഗർ പറയുന്നു.

ചിത്രത്തിന്റെ രണ്ടാംഭാഗം സംഭവിക്കാൻ സാധ്യതയുണ്ടെന്നും അതിന് പറ്റിയ ഒരു ഐഡിയ ആവശ്യമാണെന്നും ചിത്രത്തിന്റെ നിർമാതാവ് സിയാദ് കോക്കറും പറഞ്ഞു.

‘എനിക്കതിനെ കുറിച്ച് പറയാൻ കഴിയില്ല. എനിക്കത് സംഭവിക്കാൻ നല്ല ആഗ്രഹമുണ്ട്. അതിന് യോജ്യമായ ഒരു ഐഡിയ കിട്ടണം. പക്ഷെ അതിന് പറ്റിയ ഒരു ആർട്ടിസ്റ്റിനെയും ആളുകളെയുമെല്ലാം കിട്ടേണ്ടതുണ്ട്.

അങ്ങനെയാണെങ്കിൽ അത് ചെയ്യും. സിനിമ സംഭവിക്കാനുള്ള നൂറ് ശതമാനം സാധ്യതയെ ഞാൻ പറയുകയുള്ളൂ,’സിയാദ് കോക്കർ പറയുന്നു.

Content Highlight: Vidhyasagar Talk About  Second Part Of Summer In Bathlahem