ടെല്‍ അവീവ്: ഇസ്രാഈലില്‍ പതിയ ഗവണ്‍മെന്റിനെ തെരഞ്ഞെടുത്ത വിശ്വാസ വോട്ടെടുപ്പിന് ശേഷം മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പാര്‍ലമെന്റിലെ സീറ്റ് മാറി ഇരുന്ന വീഡിയോ വൈറലാകുന്നു. പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇരിക്കേണ്ട സീറ്റിലായിരുന്നു പഴയ ഓര്‍മയില്‍ നെതന്യാഹു ചെന്നിരുന്നത്. പിന്നീട് അബദ്ധം മനസ്സിലാക്കിയതോടെ ഉടന്‍ പ്രതിപക്ഷ നിരയിലേക്ക് മാറിയിരിക്കുകയായിരുന്നു.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ അബദ്ധം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിന് ആ കസേര വിട്ടുകൊടുക്കാന്‍ ആഗ്രഹമില്ല എന്ന് തുടങ്ങിയ ട്രോളുകളും ഇതിന് പിന്നാലെ പ്രചരിക്കുന്നുണ്ട്. 12 വര്‍ഷം നീണ്ടുനിന്ന ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് ഇസ്രാഈലില്‍ തിരശ്ശീലയിട്ടാണ് നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഈ സാഹചര്യത്തില്‍ കൂടിയാണ് നെതന്യാഹുവിന്റെ അബദ്ധം ചര്‍ച്ചയാകുന്നത്.
അതേസമയം, തീവ്ര ജൂതമതവാദിയായ പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. എട്ട് പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്. അതിനാല്‍ പ്രധാനമന്ത്രി പദവി പങ്കിടാനാണ് തീരുമാനം. ബെന്നറ്റിന് ശേഷം രണ്ടാം ടേമില്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്ന യെര്‍ ലാപിഡ് പ്രധാനമന്ത്രിയാകും.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രാഈലില്‍ നടന്നത്. മാര്‍ച്ചില്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിനും ഭൂരിപക്ഷം നേടാനാകാതെ ആയതോടെയാണ് നെതന്യാഹുവിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നത്.
This is the moment Benjamin Netanyahu sat in the prime minister’s chair – perhaps forgetting he had just been removed as Israeli PMhttps://t.co/hn1PJR39Ik pic.twitter.com/EnvSCflIHY
— BBC News (World) (@BBCWorld) June 14, 2021