ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ എസ്.എഫ്.ഐ നേതാവ് നിതീഷ് നാരായണനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ട ഫലസൂചനകളില്‍ നിന്നും ജെ.എന്‍.യുവില്‍ എ.ബി.വി.പി കനത്ത തിരിച്ചടി നേരിടുന്നുവെന്ന് മനസിലാക്കിയതിനു പിന്നാലെയായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.
കേന്ദ്രപാനലിലേക്കുള്ള സയന്‍സ് സ്‌കൂളുകളിലെ വോട്ടെണ്ണല്‍ തുടങ്ങവേയായിരുന്നു അക്രമം. പലതവണ നിര്‍ദേശിച്ചിട്ടും വോട്ടെണ്ണല്‍ ഏജന്റിനെ അയക്കാന്‍ എ.ബി.വി.പി തയ്യാറായില്ല. പിന്നീട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് നൂറോളം എ.ബി.വി.പി പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ബാലറ്റ് ബോക്‌സുകള്‍ നശിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടെണ്ണല്‍ അനിശ്ചിതമായി നിര്‍ത്തിവെക്കുകയായിരുന്നു.
തുടര്‍ന്ന് 15 മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെക്കുകയായിരുന്നു. ഇതിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരടക്കം ചില വിദ്യാര്‍ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
“വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍നിന്ന് വിദ്യാര്‍ഥികളെ ഭയപ്പെടുത്തി മാറ്റാനും അക്രമം പകര്‍ത്താന്‍ ശ്രമിച്ചവരുടെ ഫോണും ക്യാമറയുമെല്ലാം നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ചെറുക്കാനൊരുങ്ങിയ വിദ്യാര്‍ഥികളെ ആയുധമുള്‍പ്പെടെ കൈവശം വച്ചിരുന്ന സംഘം മര്‍ദിച്ചു. ഞങ്ങളുടെയെല്ലാം ചിത്രങ്ങള്‍ സഹിതം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം നല്‍കി.” ആക്രമണത്തിന് ഇരയായ നിതീഷ് നാരായണന്‍ പറയുന്നു.
ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി ശതരൂപ ചക്രവര്‍ത്തി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് സ്റ്റേഷനില്‍ മുമ്പില്‍വെച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു. കാറിലെത്തിയ അക്രമികള്‍ ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.
സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും നിതീഷ് പറയുന്നു.