സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും സസ്പന്‍ഡ് ചെയ്ത് വെറ്റിനറി സര്‍വകലാശാല
Kerala News
സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും സസ്പന്‍ഡ് ചെയ്ത് വെറ്റിനറി സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2024, 4:03 pm

കല്പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഡീന്‍ ഡോ. എം.കെ. നാരായണനെയും അസി. വാര്‍ഡന്‍ ഡോ. കാന്തനാഥനെയും സസ്പെന്‍ഡ് ചെയ്ത് സര്‍വകലാശാല.

കാരണംകാണിക്കല്‍ നോട്ടീസിന് വി.സി നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് സര്‍വകലാശാല അറിയിച്ചു.
സിദ്ധാര്‍ത്ഥിന്റെ മരണം അറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും നിയമപ്രകാരം എല്ലാം ചെയ്തുവെന്നുമാണ് വി.സി നല്‍കിയ മറുപടി.

വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നുവെന്നും ഇരുവരും അറിയിച്ചിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം.

അതേസമയം ഡീനിനെതിരെയും വാര്‍ഡനെതിരെയും നടപടിയെടുക്കാന്‍ സര്‍വകലാശാല വൈകിയെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മകനെതിരെ നടന്ന ക്രൂര മര്‍ദനം ഉദ്യോഗസ്ഥരുടെ അറിവോടെ നടന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തണം. കൊലക്കുറ്റം ചുമത്താത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ വെറ്റിനറി ക്യാമ്പസ് പത്ത് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയുടെ തീരുമാനം.

അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. ആവശ്യമറിയിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ മാസം 18നായിരുന്നു സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്ന് സിദ്ധാര്‍ത്ഥന്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വെളിപ്പെട്ടിരുന്നു.

ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയും ആരും സഹായത്തിന് എത്താത്തതിനെ തുടര്‍ന്നുണ്ടായ നിസ്സഹായതയും മൂലമുള്ള കടുത്ത മനോവിഷമത്തെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നിഗമനം.

Content Highlight: Veterinary University suspends Dean and Warden over Siddharth’s death