കാരക്കസ്: പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വീഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ചുകൊണ്ടുള്ള എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ തള്ളി പ്രസിഡന്റ് നിക്കളസ് മദൂരോ.
ജര്‍മനി, ബ്രിട്ടന്‍ ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ ഗ്വീഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുന്നുവെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മദൂരോ തെരഞ്ഞെടുപ്പില്‍ അനാവശ്യമായി ഇടപെട്ടെന്നായിരുന്നു ഇ.യു. രാജ്യങ്ങളുടെ കണ്ടെത്തല്‍. ഗ്വീഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ച രാജ്യങ്ങള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.
സ്റ്റേറ്റ് ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ മദൂരോ തള്ളിയത്. അമേരിക്ക വെനസ്വേലയിലേക്ക് അടിയന്തിരമായി അയച്ച ഭക്ഷണവും മരുന്നും അദ്ദേഹം തിരിച്ചയച്ചു. വെനസ്വേല യാചകരല്ലെന്നായിരുന്നു മദൂരോയുടെ വിശദീകരണം.
ഇതിനിടയില്‍ മദുരോയുടേയോ ഗ്വിഡോയുടേയോ പക്ഷം ചേരില്ലെന്ന് ഐക്യരാഷ്ട്ര സമിതി വ്യക്തമാക്കി. രാജ്യത്ത് സമാധാനപരമായ രാഷ്ട്രീയ അന്തരീക്ഷം വേണമെന്നും അതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടെറെസ് പറഞ്ഞു.