കൊലപാതകത്തിന് പകരം കൊലപാതകം നടത്തി ശക്തി പ്രകടിപ്പിക്കാനല്ല പാര്‍ട്ടി ഉദ്ദേശിക്കുന്നത്; കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: കൊലപാതകത്തിന് പകരം കൊലപാതകം നടത്തി ശക്തി പ്രകടിപ്പിക്കാനല്ല പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ട ഹഖിന്റെയും മിഥിലാജിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നും കോണ്‍ഗ്രസിന്റെ ക്രമസമാധാനം തകര്‍ക്കാനുളള ശ്രമത്തില്‍ ആരും വീണുപോകരുതെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമണം നടത്തരുത്, ഒരു ആക്രമണത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകാന്‍ പാടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.
കൊല്ലപ്പെട്ട ഹഖിന്റെയും മിഥിലാജിന്റെയും കുടുംബത്തെ പാര്‍ട്ടി എറ്റെടുക്കും. കുട്ടികളുടെ വിദ്യഭ്യാസചിലവുകളും സി.പി.ഐ.എം എറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വെഞ്ഞാറമൂട് ഇരട്ടക്കൊല പെരിയ ഇരട്ടക്കൊലക്കുള്ള പ്രതികാരമായി കോണ്‍ഗ്രസ് ചെയ്തതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കൊലപാതകനീക്കത്തെക്കുറിച്ച് അറിവുണ്ടായിട്ടും കോണ്‍ഗ്രസ് നേതൃത്വം തടഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഞായറാഴ്ച രാത്രിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക്ക് മുഹമ്മദ്, മിഥിലാജ്, ഷഹീന്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഷഹീന്‍ പരുക്കുകളോടെ ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.