national news
ജെ.ഡി.എസില്‍ വിശ്വാസമര്‍പ്പിച്ചത് തെറ്റായിപ്പോയി; ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കില്‍ 16 സീറ്റുകള്‍ വരെ ജയിക്കാമായിരുന്നു; കോണ്‍ഗ്രസുകാര്‍ പോലും തന്നെ എതിര്‍ത്തു: കടുത്ത പ്രതികരണവുമായി വീരപ്പമൊയ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 23, 03:37 am
Sunday, 23rd June 2019, 9:07 am

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസില്ലാതെ മത്സരിച്ചിരുന്നെങ്കില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് 15-16 സീറ്റുകള്‍ വരെ ലഭിക്കുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി. സഖ്യത്തില്‍ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും മൊയ്‌ലി പറഞ്ഞു.

‘നൂറു ശതമാനം.. ചിക്കബെല്ലാപുര മാത്രമല്ല, മറ്റു മണ്ഡലങ്ങളിലും സഖ്യമില്ലായിരുന്നെങ്കില്‍ പതിനാറ് സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമായിരുന്നു’ വീരപ്പ മൊയ്‌ലി പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ പോലും തന്നെ എതിര്‍ത്തുവെന്ന് മൊയ്‌ലി പറഞ്ഞു. ഇതിന് കാരണം പണമോ മറ്റു അധികാരങ്ങളോ ആയിരിക്കാമെന്നും കൂടുതല്‍ വിശദമാക്കാതെ മൊയ്‌ലി പറഞ്ഞു.

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഉറപ്പില്ല, മത്സരിക്കാന്‍ ആഗ്രഹമില്ല, പക്ഷെ മണ്ഡലത്തിലെ ജനങ്ങളെ വിശ്വാസമുണ്ടെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

സര്‍ക്കാരിന്റെ കഴിവുകേടും തോല്‍വിക്ക് കാരണമായെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു. സര്‍ക്കാരിനെ സംരക്ഷിച്ച് നിര്‍ത്തുന്നതിന് പകരം ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി നോക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചിക്കബെല്ലാപുരയില്‍ ബി.എന്‍ ബച്ചേഗൗഡയോട് 1,82,110 വോട്ടുകള്‍ക്കാണ് വീരപ്പ മൊയ്‌ലി തോറ്റത്. കര്‍ണാടകയില്‍ 25 സീറ്റുകളില്‍ ബി.ജെ.പിയ്ക്ക് ജയിക്കാനായപ്പോള്‍ രണ്ട് സ്ഥലത്ത് മാത്രമാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് ജയിക്കാനായിരുന്നത്.