റിലീസ് ചെയ്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം 100 കോടി ക്ലബ്ബില്‍ കയറി ഷാരുഖ് ഖാന്‍ ചിത്രം
Entertainment
റിലീസ് ചെയ്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം 100 കോടി ക്ലബ്ബില്‍ കയറി ഷാരുഖ് ഖാന്‍ ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st September 2024, 7:55 am

റീ റിലീസില്‍ 1.8 കോടി രൂപ നേടിയതോടെ ഷാരുഖ് ഖാന്‍ ചിത്രം വീര്‍ സാറയുടെ ആജീവനാന്ത കളക്ഷന്‍ 100 കോടിയായി. 2004 ല്‍ റിലീസായ ചിത്രം ഈ വര്‍ഷം ഫെബ്രുവരിയിലും സെപ്റ്റംബറിലും റീ റിലീസ് ചെയ്തിരുന്നു. അങ്ങനെ ആകെ മൊത്തം 102 .60 കോടിയാണ് ആഗോളതലത്തില്‍ ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.

തിയേറ്ററുകളില്‍ പുതിയ സിനിമകള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ രാജ്യത്തുടനീളം വീണ്ടും സിനിമകള്‍ റിലീസ് ചെയ്യുന്ന ട്രെന്‍ഡ് ആണ് ഇപ്പോള്‍ കാണുന്നത്. ഷാരൂഖ് ഖാന്‍ നായകനായി 2004ല്‍ പുറത്തിറങ്ങിയ ചിത്രം വീര്‍ സാറ സെപ്തംബര്‍ 13ന് വീണ്ടും റിലീസ് ചെയ്തിരുന്നു. റീ റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് ചിത്രം 1.57 കോടി രൂപ നേടി ലോകമെമ്പാടുമുള്ള ചിത്രത്തിന്റെ ആജീവനാന്ത കളക്ഷന്‍ 100 കോടി രൂപയായി ഉയര്‍ന്നു. 2004ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍ അടക്കമാണിത്.

282 സ്‌ക്രീനുകളില്‍ റീ റിലീസ് ചെയ്ത ചിത്രം ഒരാഴ്ചകൊണ്ടാണ് 1.8 കോടി രൂപ നേടുന്നത്. 2004ല്‍ റിലീസ് ചെയ്ത സമയത്ത്, ലോകമെമ്പാടും നിന്ന് 98 കോടി ഗ്രോസ് നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ വാലന്റൈന്‍സ് വീക്കില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു. അപ്പോള്‍ സിനിമ 30 ലക്ഷം രൂപ കളക്ഷന്‍ നേടിയിരുന്നു. അതിന് ശേഷം സെപ്റ്റംബറില്‍ വീണ്ടും ചിത്രം റിലീസ് ചെയ്തപ്പോള്‍ 1.8 കോടി രൂപയും ചിത്രത്തിന് നേടാന്‍ കഴിഞ്ഞു. അങ്ങനെ ആകെ മൊത്തം ലോകമെമ്പാടുമായി 102.60 കോടി രൂപയാണ് ചിത്രത്തിന്റെ ആജീവനാന്ത കളക്ഷന്‍.

ആദിത്യ ചോപ്ര തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ആദിത്യ ചോപ്രയുടെ പിതാവ് യാഷ് ചോപ്രയാണ്. ഷാരൂഖ് ഖാനെ കൂടാതെ റാണി മുഖര്‍ജി, പ്രീതി സിന്റ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. റോക്ക്സ്റ്റാര്‍, ലൈലാ മജ്നു, ഏറ്റവും ഒടുവില്‍ റീ റിലീസ് ചെയ്ത തുംബാഡ് തുടങ്ങിയ ചിത്രങ്ങളും ബോളിവുഡില്‍ നിന്ന് റീ റിലീസ് ചെയ്ത് ഹിറ്റടിച്ച ചിത്രങ്ങളാണ്.

Content Highlight: Veer Zaara lifetime collection crosses 100 crore after 20 years of release