കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കണ്ണൂര്‍ തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂര്‍ വാര്‍ഡില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മര്‍ദനമേറ്റതായി പരാതി. മര്‍ദിച്ചത് സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചു. കീഴാറ്റൂര്‍ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വയല്‍ക്കിളി പ്രവര്‍ത്തകയും സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയുമായ ലത സുരേഷ് മത്സരിച്ചിരുന്നു. വാര്‍ഡില്‍ എല്‍.ഡി.എഫ് വിജയം നേടിയതിന് പിന്നാലെ നടന്ന ആഘോഷപ്രകടനത്തിനിടെയാണ് തന്നെ മര്‍ദിച്ചതെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
അദ്ദേഹത്തെ തളിപ്പറമ്പിലെ ലൂര്‍ദ് മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് തനിക്ക് മര്‍ദനമേറ്റതെന്ന് സുരേഷ് കീഴാറ്റൂര്‍ പറയുന്നു. പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുക്കുകയും സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുക്കുകയും ചെയ്തിട്ടുണ്ട്.
തളിപ്പറമ്പ് നഗരസഭ 30ാം ഡിവിഷനില്‍ മത്സരിച്ച വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ലത സുരേഷ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി. വത്സലയോട് മത്സരിച്ചാണ് പരാജയപ്പെട്ടത്. ലത സുരേഷിന് 236 വോട്ടും പി. വത്സലയ്ക്ക 376 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചത്. ഇവിടെ ഇരു പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരുന്നില്ല.
അതേസമയം വയല്‍ക്കിളികള്‍കളെ സംബന്ധിച്ചിടത്തോളം ഈ പരാജയം വിജയമാണെന്ന് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു.’കീഴാറ്റൂരില്‍ കഴിഞ്ഞ പ്രാവശ്യം നേടിയ 420 വോട്ടിന്റെ സി.പി.ഐ.എം ലീഡ് ഇപ്പോള്‍ 140 ആണ്. പാര്‍ട്ടി ഗ്രാമത്തിലെ വോട്ട് ചെയ്ത മുഴുവന്‍ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍. ഈ പരാജയം ഞങ്ങളുടെ വിജയം ആണ് ഞങ്ങളുടെ ജനകീയ അടിത്തറ ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.’ സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക