2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് കടന്നിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 205 റണ്‍സിന് പുറത്താകുകയായിരുന്നു.
ഇന്ത്യയെ വിജയത്തിലെത്തിച്ചത് യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മിന്നും പ്രകടനമാണ്. 10 ഓവര്‍ എറിഞ്ഞ് 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. വില്‍ യങ് (22), ഗ്ലെന്‍ ഫിലിപ്‌സ് (12), മൈക്കല്‍ ബ്രേസ്‌വെല്‍ (2), മിച്ചല്‍ സാന്റ്‌നര്‍ (28), മാറ്റ് ഹെന്റി (2) എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. വരുണിന്റെ ഏകദിന ഫോര്‍മാറ്റിലെ ആദ്യ ഫൈഫര്‍ കൂടിയാണിത്. മാത്രമല്ല മത്സരത്തിലെ താരമാകാനും വരുണിന് സാധിച്ചു.
ഇതിനെല്ലാം പുറമെ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും വരുണിന് സാധിച്ചിരിക്കുകയാണ്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം നടത്തുന്ന മൂന്നാമത്തെ താരമാകാനാണ് വരുണിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാമത് ഓസീസിന്റെ ജോഷ് ഹേസല്‍വുഡാണ്. 2017ലെ മത്സരത്തില്‍ 52 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് താരം നേടിയത്.
ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ) – 6/52 – ബിര്‍മിങ്ഹാം – 2017
ഗ്ലെന്‍ മഗ്രാത് (ഓസ്‌ട്രേലിയ) – 5/37 – കൊളംബോ – 2002
വരുണ്‍ ചക്രവര്‍ത്തി (ഇന്ത്യ) – 5/42 – ദുബായ് – 2025
വിയാന്‍ പാര്‍നെല്‍ (സൗത്ത് ആഫ്രിക്ക) – 5/57 – സെഞ്ചൂറിയന്‍ – 2009
For guiding #TeamIndia to their third win and getting five wickets, Varun Chakaravarthy is the Player of the Match
Scoreboard ▶️ https://t.co/Ba4AY30p5i#NZvIND | #ChampionsTrophy pic.twitter.com/FvnSCBeXq7
— BCCI (@BCCI) March 2, 2025
സൂപ്പര്‍ പേസര്‍ മാറ്റ് ഹെന്റിയുടെ കരുത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യയെ 249 എന്ന സ്‌കോറില്‍ തളച്ചത്. എട്ട് ഓവര്‍ പന്തെറിഞ്ഞ് 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ വിക്കറ്റുകളാണ് ഹെന്റി സ്വന്തമാക്കിത്.
ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ശ്രേയസ് അയ്യരാണ്. 98 പന്തില്‍ നിന്ന് 79 റണ്‍സാണ് താരം നേടിയത്. കിവീസിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ചത് സൂപ്പര്‍ താരം കെയ്ന്‍ വില്ല്യംസനാണ്. 120 പന്തില്‍ 81 റണ്‍സാണ് താരം നേടിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ നോക്ക് ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് പോയിന്റ് സ്വന്തമാക്കിയ ഏക ടീമും ഇന്ത്യ മാത്രമാണ്. ഇതോടെ രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ മറ്റൊരു ഐ.സി.സി കിരീടം സ്വപ്‌നം കാണുകയാണ്.
മാര്‍ച്ച് നാലിന് ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ കണക്കുകള്‍ തീര്‍ക്കാനുള്ള അവസരം കൂടിയാണിത്.
Content Highlight: Varun Chakravarthy In Great Record Achievement Against New Zealand