ക്രിക്കറ്റിന് പുറമെ സിനിമാ മേഖലയോടുള്ള താത്പര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. തനിക്ക് സിനിമ നിര്‍മിക്കാന്‍ താല്പര്യമുണ്ടെന്നും തന്റെ അടുത്ത് കുറച്ച് സ്‌ക്രിപ്റ്റുകള്‍ ഉണ്ടെന്നും തമിഴ് സിനിമാ താരം വിജയ്ക്ക് വേണ്ടി സിനിമയെടുക്കാന്‍ തിരക്കഥ എഴുതിയെന്നുമാണ് വരുണ്‍ ചക്രവര്‍ത്തി പറഞ്ഞത്. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ വിജയ്ക്കുവേണ്ടി ഒരു കഥ എഴുതിയിട്ടുണ്ട്. അദ്ദേഹം അത് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തിന് ഒരു നല്ല തിരിച്ചുവരവിന് ഞാന്‍ അവസരം നല്‍കും,’ വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു.
ഈ വര്‍ഷമാദ്യം അഭിനയത്തില്‍ നിന്ന് വിജയ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് വിജയ് തമിഴ് വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.
തന്റെ ചെറുപ്പകാലത്തെ സിനിമാഭിലാഷങ്ങളെ കുറിച്ചും വരുണ്‍ പറഞ്ഞു.
‘എനിക്ക് 25 വയസുള്ളപ്പോള്‍ നാലഞ്ചു സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. 25 വയസുള്ള ഒരാള്‍ എന്താണ് ചെയ്യേണ്ടത് എന്ന് സാധാരണമായി അവന് അറിയാം. ഇപ്പോള്‍ എനിക്ക് രണ്ട്, മൂന്ന് ലക്ഷ്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സിനിമ സംവിധാനം ചെയ്യുക എന്നത്.
എനിക്ക് കഥകള്‍ എഴുതാന്‍ ഇഷ്ടമാണ്. ആ കഥയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ നല്‍കിക്കൊണ്ട് പല സീനുകള്‍ ആക്കി ഓരോ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഒരുപാട് തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. അതിലെ സംഭാഷണങ്ങള്‍ പൂര്‍ണ്ണമായും എഴുതിയത് ഞാന്‍ തന്നെയാണ്,’ വരുണ്‍ ചക്രവര്‍ത്തി കൂട്ടിച്ചേര്‍ത്തു.
2019 ഐ.പി.എല്‍ സീസണിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി വരുണ്‍ അരങ്ങേറ്റം കുറിക്കുന്നത്. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു വരുണ്‍ നടത്തിയിരുന്നത്.
15 മത്സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളാണ് താരം നേടിയത്. 19.14 ആവറേജിലും 8.04 എക്കണോമിയിലും ആണ് താരം ബൗള്‍ ചെയ്തത്. 2021ലെ ടി-20 ലോകകപ്പില്‍ താരം ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്നു. ഇതിനുശേഷം വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ സാധിച്ചിട്ടില്ല.
Content Highlight: Varun Chakravarthi Talks About His Cinema Passion