മലയാളത്തിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ഷോബി തിലകന്‍. രണ്ട് പതിറ്റാണ്ടിലധികമായി ഡബ്ബിങ് മേഖലയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന ഷോബി തിലകന്‍ 100ലധികം ചിത്രങ്ങളില്‍ നിരവധി ആര്‍ട്ടിസ്റ്റുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. രണ്ട് തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം ഷോബി തന്റെ പേരിലാക്കിയിട്ടുണ്ട്. സീരിയല്‍ രംഗത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനേതാവായും നിറസാന്നിധ്യമാണ് ഷോബി തിലകന്‍.
ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലക്കും ഒരു അഭിനേതാവ് എന്ന നിലക്കും മിമിക്രി ഒരുപാട് ദോഷം ചെയ്യുമെന്ന് തന്നോട് തന്റെ അച്ഛന്‍ തിലകന്‍ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ഷോബി തിലകന്‍. തന്റെയുള്ളില്‍ അഭിനയത്തിന്റെ എന്തെങ്കിലും ഒരു സാധ്യതയുണ്ടെങ്കില്‍ മിമിക്രി ചെയ്യുന്നതിലൂടെ സ്വാഭാവികമായ അഭിനയം നഷ്ടപ്പെടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ഷോബി തിലകന്‍ പറഞ്ഞു.
മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക് വന്നിട്ടുള്ളവരെ ശ്രദ്ധിച്ചാല്‍ അവര്‍ അവരുടെ മാസ്റ്റര്‍പീസ് താരങ്ങളെ ഇമിറ്റേറ്റ് ചെയ്യുന്നത് പോലെ തോന്നുമെന്നും അതിനുദാഹരണമാണ് ജയറാമും കോട്ടയം നസീറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷോബി തിലകന്‍.
‘ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലക്കും ഒരു അഭിനേതാവ് എന്ന നിലക്കും മിമിക്രി ഒരുപാട് ദോഷം ചെയ്യും. ഇക്കാര്യം എന്നോട് പറഞ്ഞത് എന്റെ അച്ഛന്‍ തന്നെയാണ്.
‘നിന്റെ ഉള്ളില്‍ ഒരു അഭിനയത്തിന്റെ സാധ്യതയുണ്ടെങ്കില്‍ നീ മിമിക്രി ചെയ്യരുത്. നമുക്ക് ഒരു മാസ്റ്റര്‍പീസ് ആയിട്ടുള്ള ഒരു അഭിനേതാവ് ഉണ്ടാകില്ലേ. അവരെ നീ കൂടുതല്‍ നിരീക്ഷിക്കാന്‍ തുടങ്ങും, അവരെ പോലെ നടക്കാനും സംസാരിക്കാനുമെല്ലാം ശ്രമിക്കും. എപ്പോള്‍ നിന്റെ ഉള്ളിലെ സ്വാഭാവികമായ അഭിനയം നഷ്ടപ്പെടും. അവര്‍ നിന്റെ ഉള്ളിലേക്കോ നീ അവരുടെ ഉള്ളിലേക്കോ കയറും. അതുകൊണ്ട് മിമിക്രി ചെയ്യാതിരിക്കുന്നതാണ് നല്ലത്’ എന്ന് അച്ഛന്‍ എന്റെയടുത്ത് പറഞ്ഞിട്ടുണ്ട്.
ആദ്യം അച്ഛന്‍ എന്താണ് അങ്ങനെ പറയുന്നതെന്ന് ഞാന്‍ ആലോചിച്ചെങ്കിലും പിന്നെ അച്ഛന്‍ പറഞ്ഞത് വളരെ കറക്ട് ആണെന്ന് എനിക്ക് മനസിലായി. മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക് വന്ന അഭിനേതാക്കളെ നിരീക്ഷിച്ചാല്‍ നമുക്കത് മനസിലാകും. അവര്‍ അതിന് മുമ്പ് ചെയ്തിട്ടുള്ള അവരുടെ മാസ്റ്റര്‍പീസ് ആയിട്ടുള്ള അഭിനേതാക്കളുടെ ചുവ വരുന്നതായിട്ട് തോന്നും.
അതിന് ഉദാഹരണം പറയുന്നതിന് എനിക്ക് കുഴപ്പമൊന്നുമില്ല. കോട്ടയം നസീറിനെ നോക്കികഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ അഭിനയത്തില്‍ കൊച്ചിന്‍ ഹനീഫയും ബാലചന്ദ്രമേനോനും എല്ലാം കടന്നുവരുന്നതായി തോന്നും. എന്തിനേറെ പറയുന്നു ജയറാമിന്റെ അഭിനയത്തില്‍ പ്രേം നസീറിന്റെ ശൈലികള്‍ വരാറുണ്ടായിരുന്നു. പ്രേം നസീറിനെ പോലെയായിരുന്നു എന്ന് തോന്നും. അതെല്ലാം ആദ്യകാലങ്ങളില്‍ ആയിരുന്നു. അതിന് ശേഷം അവരെല്ലാം അവരുടേതായ ശൈലി ഉണ്ടാക്കിയെടുത്തു,’ ഷോബി തിലകന്‍ പറയുന്നു.
Content highlight: Shobi Thilakan talks about Kottayam Nazeer and Jayaram