Varappuzha Custodial Death
വരാപ്പുഴ കസ്റ്റഡി മരണം; ആരോപണ വിധേയനായ എ.വി. ജോര്‍ജിനെ തിരിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 24, 09:22 am
Friday, 24th August 2018, 2:52 pm

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയനായ ആലുവ മുന്‍ റൂറല്‍ എസ്.പി.യായ എ.വി.ജോര്‍ജിനെതിരെയുള്ള സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വ്വീസില്‍ തിരിച്ചെടുത്തു. ഇന്റലിജന്‍സ് എസ്.പി ആയാണ് പുതിയ നിയമനം.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജോര്‍ജ്ജിന് പങ്കില്ലെന്ന ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. എന്നാല്‍ വകുപ്പുതല അന്വേഷണം തുടരുമെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുണ്ട്.

ALSO READ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് സുപ്രീം കോടതി; കേരളവും തമിഴ്‌നാടും സഹകരിച്ച് നീങ്ങണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര

എ.വി.ജോര്‍ജിന്റെ നേതൃത്വത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ലെടുത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങളെ പ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എസ്.പി ആയിരുന്ന എ.വി.ജോര്‍ജിനും പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എ.വി.ജോര്‍ജിനെ എസ്.പി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും പിന്നീട് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയതതും.

എന്നാല്‍ ശ്രീജിത്തിനെ കസ്റ്റഡി മരണത്തില്‍ എ.വി.ജോര്‍ജ് കുറ്റക്കാരനല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെയും സര്‍ക്കാരിന്റെയും നിലപാട്. ഇതിനെ തുടര്‍ന്നാണ് കേസന്വേഷണം തീരുന്നതിന് മുന്‍പേ തന്നെ എ.വി.ജോര്‍ജിനെതിരെയുള്ള സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വ്വീസില്‍ നിയമിച്ചത്.

ചിത്രം കടപ്പാട്- മാതൃഭൂമി ന്യൂസ്‌

WATCH THIS VIDEO: