ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാതിന്റെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസാണ് കേസെടുത്തത്.
തിരുവനന്തപുരം: ഇന്നലെ വഞ്ചിയൂര്‍ പ്രത്യേക വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ 10 അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാതിന്റെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസാണ് കേസെടുത്തത്.
ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി, രതിന്‍, സുഭാഷ്, അരുണ്‍, രാഹുല്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്.
ഇന്നലെ ഇ.പി ജയരാജനെതിരായ വിജിലന്‍സ് കേസ് പരിഗണിക്കുമ്പോള്‍ കോടതിയിലെത്തിയ വനിതാമാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെയാണ് അഭിഭാഷകര്‍ മര്‍ദിച്ച് പുറത്താക്കിയത്. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രഭാതിനെ കോടതിമുറിക്കുള്ളിലും വരാന്തയിലും ഒരുകൂട്ടം അഭിഭാഷകര്‍ വളഞ്ഞിട്ടു തല്ലി. പി.ടി.ഐ ന്യൂസിലെ ജെ. രാമകൃഷ്ണന്‍, എഷ്യാനെറ്റ് ന്യൂസിലെ സി.പി അജിത, മനോരമ ന്യൂസിലെ ജസ്റ്റിന തോമസ്, ന്യൂസ് 18 കേരളയിലെ വിനോദ് എന്നിവരെ അഭിഭാഷകര്‍ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ജഡ്ജിയുടെയും പൊലീസിന്റെയും മുന്നിലായിരുന്നു അഴിഞ്ഞാട്ടം. പൊലീസ് അകമ്പടിയോടെ കോടതിവളപ്പില്‍ നിന്നു പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കോടതി കെട്ടിടത്തിനുള്ളില്‍ നിന്ന് ഇതേ സംഘം പിന്നീടു കല്ലെറിഞ്ഞു. അക്രമത്തിനുശേഷം കോടതിവളപ്പിലുള്ള മീഡിയ റൂമിന്റെ ബോര്‍ഡ് നശിപ്പിച്ച അഭിഭാഷകര്‍ അവിടെ ബാര്‍ അസോസിയേഷന്റെ ബോര്‍ഡ് സ്ഥാപിച്ചു.
പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റെയും ഉറപ്പുകള്‍ക്കിടെയാണ് അഭിഭാഷകരുടെ ഭാഗത്തു നിന്ന് വീണ്ടും പ്രകോപനമുണ്ടായത്.
കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാത്ത അഭിഭാഷകരുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്.