അഹമ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്തറില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് മൂന്ന് മരണം. രണ്ട് പൈലറ്റുമാരും ഒരു കോസ്റ്റ് ഗാര്‍ഡുമാണ് മരിച്ചത്. സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പതിനൊന്ന് മണിയോട് കൂടിയാണ് അപകടം നടന്നത്. പരിശീലന പറക്കലിനിടെയാണ് അപകടം.
ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് അംഗം അപകടത്തിനിടെ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മരണം പ്രാദേശിക പൊലീസ് സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗിക അനുമതി ലഭിച്ചാല്‍ മാത്രമെ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിടുകയുള്ളു. അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിലുള്ള തീപ്പിടുത്തം ഉണ്ടായി.
അഗ്നിശമന സേന എത്തി തീ അണച്ച ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഹെലിക്കോപ്റ്ററില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.