കറുപ്പ് താൻ എനക്ക് പുടിച്ച കളറ്; ജാതി അധിക്ഷേപത്തിൽ ആർ.എൽ.വി. രാമകൃഷ്ണന് പിന്തുണയുമായി വി. ശിവൻകുട്ടി
Kerala
കറുപ്പ് താൻ എനക്ക് പുടിച്ച കളറ്; ജാതി അധിക്ഷേപത്തിൽ ആർ.എൽ.വി. രാമകൃഷ്ണന് പിന്തുണയുമായി വി. ശിവൻകുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2024, 1:48 pm

തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ നർത്തകി സത്യഭാമക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് പ്രതികരണവുമായി മന്ത്രി രം​ഗത്തെത്തിയത്.

കറുപ്പ് താൻ എനക്ക് പുടിച്ച കളറെന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ഒരു യൂറ്റൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർ.എൽ.വി രാമകൃഷ്ണന്റെ നിറത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും സത്യഭാമ ജൂനിയർ അധിക്ഷേപ പരാമർശം നടത്തിയത്.

പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദഹം അറിയിച്ചു. ആർ.എൽ.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്ന പുരുഷൻമാർക്ക് നല്ല സൗന്ദര്യം വേണമെന്നുമാണ് സത്യഭാമ പറഞ്ഞത്. ജാതീയ അധിക്ഷേപത്തിന്റെ വാർത്ത പുറത്ത് വന്നതോടെ നിരവധി ആളുകളാണ് സത്യഭാമക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

‘മോഹിനിയാട്ടം കളിക്കുന്ന ആളുകൾ എപ്പോഴും മോഹിനി ആയിരിക്കണം. ഇയാളെ കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. മോഹിനിയാട്ടം കളിക്കുന്ന പുരുഷൻമാർക്ക് നല്ല സൗന്ദര്യം വേണം. ഇവനെ കണ്ട് കഴിഞ്ഞാൽ ദൈവം പോലും സഹിക്കില്ല’, സത്യഭാമ പറഞ്ഞു.

സത്യഭാമയുടെ പരാമർശം അപമാനകരമാണെന്നാണ് ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചത്. കറുപ്പ് നിറമുള്ളവർ മോഹിനിയാട്ടം കളിക്കാൻ പാടില്ലെന്നത് അപമാനകരമായ പ്രസ്താവന ആണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരം എന്നതിന് അപ്പുറം കലയിലേക്ക് കടന്ന് വരുന്ന പുതിയ തലമുറക്ക് വേണ്ടി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാമണ്ഡലത്തിലെ പഠന കാലത്തും ഇത്തരത്തിലുള്ള ജാതീയ പരാമർശങ്ങൾ താൻ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.

മോഹനിയാട്ടത്തിൽ പി.എച്ച്.ഡിയും എം.ജി സർവകലാശാലയിൽ നിന്ന് എം.എ മോഹനിയാട്ടം ഒന്നാം റാങ്കോടെ പാസായ ആളുമാണ് ആർ.എൽ.വി രാമകൃഷ്ണൻ.

Content Highlight: V. Shivankutty supports RLV Ramakrishna in caste abuse