ആ ഒരു കാര്യത്തില്‍ ഞാന്‍ മുഖ്യമന്ത്രിയുടെ സത്യസന്ധതയെ അഭിനന്ദിക്കുന്നു; കസ്റ്റംസ് വിഷയത്തില്‍ പ്രതികരണവുമായി വി മുരളീധരന്‍
Kerala News
ആ ഒരു കാര്യത്തില്‍ ഞാന്‍ മുഖ്യമന്ത്രിയുടെ സത്യസന്ധതയെ അഭിനന്ദിക്കുന്നു; കസ്റ്റംസ് വിഷയത്തില്‍ പ്രതികരണവുമായി വി മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th March 2021, 1:50 pm

തിരുവനന്തപുരം: കസ്റ്റംസിനും തനിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കള്ളക്കടത്ത് നിരീക്ഷക്കലല്ല വിദേശകാര്യ വകുപ്പിന്റെ ജോലിയെന്ന് പിണറായി വിജയന്‍ മനസ്സിലാക്കണമെന്നും വിനോദിനി ബാലകൃഷ്ണനെ മുരളീധരന്‍ വേട്ടയാടുന്നു എന്നു പറയാത്തതില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ കസ്റ്റംസ് എന്നു പറയുന്ന ഏജന്‍സിയാണ് കക്ഷിയെന്നും അതില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആ കേസുകളില്‍ മറുപടി പത്രിക നല്‍കുക എന്നത് സ്വാഭാവിക കീഴ്‌വഴക്കമാണെന്നും മുഖ്യമന്ത്രിക്ക് അറിയില്ലേ, എനിക്ക് മനസ്സിലായില്ല, കാരണം ഒരു ഉദ്യോഗസ്ഥന്‍ എഴുതിക്കൊടുത്താലും സാമാന്യബുദ്ധിവെച്ച് അദ്ദേഹം ഇത് തിരിച്ചറിയേണ്ടതായിരുന്നു. കമ്മീഷണര്‍ എന്തിനാണ് മറുപടി പറഞ്ഞത് അദ്ദേഹം കക്ഷിയല്ലല്ലോ എന്നാണ് മുഖ്യമന്ത്രി ഇന്നലെ ചോദിച്ചത്.

രണ്ടാമത്തെ കാര്യം വി. മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയായ ശേഷം കള്ളക്കടത്ത് കൂടിയെന്നാണ്. വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ വകുപ്പിന്റെ ജോലിയെന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. ഇതെല്ലാം ധനകാര്യ വകുപ്പിന്റെ കീഴില്‍ വരുന്ന കസ്റ്റംസിന്റെ ജോലിയാണന്ന് അദ്ദേഹത്തിന് അറിയില്ലെങ്കില്‍ അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരായ നിങ്ങളെങ്കിലും ഇത് പറഞ്ഞുകൊടുത്ത് സഹായം ചെയ്യണമായിരുന്നു.

ശ്രീ പിണറായി വിജയന്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കണം. ഇച്ഛാശക്തിയുള്ള ധനകാര്യ മന്ത്രിയും വകുപ്പും കേന്ദ്രത്തിലുള്ളതുകൊണ്ടാണ് വിദേശ പൗരന്മാരുമായി ചേര്‍ന്ന് പിണറായി വിജയന്‍ നടത്തിയ കള്ളക്കടത്ത് കയ്യോടെ പിടിച്ചത്.

ആകെ ഒരു കാര്യത്തില്‍ ഞാന്‍ മുഖ്യമന്ത്രിയുടെ സത്യസന്ധതയെ അംഗീകരിക്കുന്നു, വിനോദിനി ബാലകൃഷ്ണനെ വി മുരളീധരന്‍ വേട്ടയാടുന്നു എന്ന് പറഞ്ഞില്ലല്ലോ. അതില്‍ ആശ്വാസം. ആ സത്യസന്ധത കാണിച്ചതിന് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ കൂടി ആഗ്രഹിക്കുകയാണ്,’ മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കസ്റ്റംസിനും വി. മുരളീധരനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഏജന്‍സികളെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അവരുടെ ആക്രമണോത്സുകത കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.ഡി കിഫ്ബിക്കെതിരെ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് ഹൈക്കോടതിക്ക് മുമ്പാകെ ഫയല്‍ ചെയ്ത പ്രസ്താവനയും ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

‘കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി ഇന്നും എന്തൊക്കെയോ പറയുന്നത് കേട്ടു. ഇദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുേണ്ടാ? ഈ മന്ത്രി ചുമതലയില്‍ വന്ന ശേഷമല്ലേ നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നത്?

സ്വര്‍ണക്കടത്ത് നടന്നത് നയതന്ത്രബാഗേജ് വഴിയല്ല എന്ന് പ്രതിയെ പറയാന്‍ പ്രേരിപ്പിച്ച വ്യക്തിയുമായി ഇദ്ദേഹത്തിനുള്ള ബന്ധമെന്ത്? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് വിദേശകാര്യവക്താവിനോട് ചോദിക്കാനല്ലേ സഹമന്ത്രി പറഞ്ഞത്? ആ സഹമന്ത്രി ഇപ്പോള്‍ വാളും ചുഴറ്റി ഇറങ്ങണ്ട’ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: V Muraleedharan against Pinarayi Vijayan