പത്തിനംതിട്ട: 15ാമത് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം പൂര്‍ത്തിയാകുമ്പോള്‍ വി.കെ. സനോജ് സംസ്ഥാന സെക്രട്ടറിയായി തുടരും. കോഴക്കോട് നിന്നുള്ള വി. വസീഫാണ് പുതിയ പ്രസിഡന്റ്. മുന്‍ കോഴിക്കോട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയാണ് വസീഫ്. കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന എസ്.ആര്. അരുണ്‍ ബാബുവാണ് ട്രഷറര്‍.
37 വയസെന്ന പ്രായപരിധി നടപ്പാക്കിയ സമ്മേളനത്തില്‍ 39 വയസുള്ള സനോജിന് ഇളവ് നല്‍കിയാണ് വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആര്. രാഹുല്‍, ആര്. ശ്യാമ, ഷിജുഖാന്, രമേശ് കൃഷ്ണന്, എം. ഷാജിര്‍, എം. വിജിന് എന്നിവരാണ് ഉപകമ്മിറ്റിയില് ഉള്‍പ്പെട്ടിട്ടുള്ള പേരുകള്‍.
15-ാം സംസ്ഥാന സമ്മേളനം ഇന്ന് പത്തനംതിട്ടയില്‍ സമാപിക്കും. വൈകിട്ട് അഞ്ചിന് ഭഗത്സിങ് നഗറില്‍ (പത്തനംതിട്ട മുനിസിപ്പല്‍ മൈതാനം) ചേരുന്ന പൊതുസമ്മേളനം സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മന്ത്രിമാരായ സജി ചെറിയാന്, പി.എ. മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
കേന്ദ്രീകരിച്ച പൊതുപ്രകടനം ഉണ്ടാകില്ല. നഗരത്തിലെ മൂന്ന്കേന്ദ്രങ്ങളില്‍നിന്ന് ചെറു റാലികള്‍ സമ്മേളന നഗരിയിലെത്തും.