തിരുവനന്തപുരം: ക്രിസ്ത്യന്‍ പുരോഹിതന്മാരുടെ ആര്‍.എസ്.എസ് അനുകൂല പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. മത മേലധ്യക്ഷന്മാരുടെ പ്രസ്താവനകളൊന്നും യു.ഡി.എഫിനെ രാഷ്ട്രീയമായി ബാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലടക്കം ക്രിസ്ത്യാനികള്‍ക്കെതിരെ ആര്‍.എസ്.എസും സംഘപരിവാര സംഘടനകളും നടത്തിയ ആക്രമണങ്ങളൊന്നും യഥാര്‍ത്ഥ വിശ്വാസികള്‍ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകം അംഗീകരിച്ച ക്രിസ്ത്യന്‍ മിഷണറിയായിരുന്ന മദര്‍ തെരേസയ്ക്ക് നല്‍കിയ ഭാരത രത്‌ന തിരിച്ചെടുക്കണമെന്ന് പറഞ്ഞവരാണ് ആര്‍.എസ്.എസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോടായിരുന്നു സതീശന്റെ പ്രതികരണം.
‘മത മേലധ്യക്ഷന്മാരുടെ പ്രസ്താവനകളൊന്നും യു.ഡി.എഫിനെ രാഷ്ട്രീയമായി ബാധിക്കാന്‍ പോകുന്നില്ല. ദല്‍ഹിയില്‍ 79 ക്രൈസ്തവ സംഘടനകള്‍ ചേര്‍ന്നാണ് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായ ക്രിസ്ത്യന്‍ വേട്ട നടക്കുന്നുണ്ട്.
ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വികാരികള്‍ക്കും സ്ത്രീകളടക്കമുള്ളര്‍ക്കുമെതിരെ ആക്രമണം നടന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് കര്‍ണാടക മന്ത്രി മുനിയപ്പ ക്രിസ്ത്യാനികള്‍ വീട്ടില്‍ വരുന്നത് മത പരിവര്‍ത്തനത്തിനാണെന്നും അവരെ തല്ലിയോടിക്കണമെന്നും പറഞ്ഞത്. മതപരിവര്‍ത്തനത്തിന്റെ ആരോപണമൊക്കെ പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്താനും ആക്രമിക്കാനുമായി കെട്ടിച്ചമച്ചതാണ്. 1951 ല്‍ ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ 2.3 ശതമാനാണ്. 2023ലും അവരുടെ ജനസംഖ്യ 2.3 തന്നെയാണ്.
ഇവിടെ ഇത്രത്തോളം മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ ജനസംഖ്യയിലും വലിയ മാറ്റം ഉണ്ടായേനേ. ഇതേ ആര്‍.എസ്.എസാണ് ലോകാരാധ്യയായ മദര്‍ തെരേസയുടെ ഭാരത രത്‌നം തിരിച്ചെടുക്കണമെന്നും പറഞ്ഞത്.
ഇപ്പോള്‍ പുരോഹിതന്മാരൊക്കെ നല്ലവരാണെന്ന് പറഞ്ഞ് നടക്കുന്ന ആര്‍.എസ്.എസ് തന്നെയാണ് മദര്‍ തെരേസ മതപരിവര്‍ത്തനം നടത്തുകയാണെന്നും പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയത്. അവര്‍ക്ക് സാമൂഹ്യവിരുദ്ധരുമായി ബന്ധമുണ്ടെന്ന് പറഞ്ഞതും ഇതേ പാര്‍ട്ടിക്കാരാണ്. ഇതൊക്കെ യഥാര്‍ത്ഥ ക്രിസ്ത്യാനികളുടെ മനസിലുണ്ട്,’ സതീശന്‍ പറഞ്ഞു.
കൂട്ടത്തില്‍ കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും സംഘപരിവാര വിരുദ്ധരാണെന്നും അതുകൊണ്ട് തന്നെ ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആര്‍.എസ്.എസിനല്ലെന്നും അദ്ദേഹം പറഞ്ഞു. മതനേതാക്കള്‍ നല്ലവരാണെന്ന് പറഞ്ഞ ഇതേ ആര്‍.എസ്.എസ് തന്നെയാണ് കേരളത്തിലടക്കം ദേവാലയങ്ങള്‍ തകര്‍ത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആര്‍.എസ്.എസ് എടുക്കേണ്ട. കേരളത്തില്‍ കേവലം പത്ത് ശതമാനം വോട്ടാണ് ബി.ജെ.പിക്കുള്ളത്. ബാക്കി 90 ശതമാനം ഹിന്ദുക്കളും ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരാണ്. അവര്‍ വര്‍ഷങ്ങളായി വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയുമാണ്.
മധ്യതിരുവിതാംകൂറിലടക്കം പല ദേവാലയങ്ങളും ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ആര്‍.എസ്.എസാണ്. വിഴിഞ്ഞം സമരത്തെ സി.പി.ഐ.എമ്മുമായി ചേര്‍ന്ന് വര്‍ഗീയവല്‍ക്കരിച്ച് അതിന്റെ പങ്കുപറ്റാന്‍ നടന്നവരാണ് ആര്‍.എസ്.എസ്. എന്നിട്ടിപ്പോള്‍ തെരഞ്ഞടുപ്പ് നടക്കുന്ന സമയമായപ്പോള്‍ മുഖം മിനുക്കി ക്രിസ്ത്യാനികളെ പാട്ടിലാക്കാന്‍ ഇറങ്ങിയിരിക്കുന്നു. അതൊന്നും ആരും മറക്കാന്‍ പോണില്ല.
സംഘപരിവാര സംഘടനകള്‍ തന്നെയാണ് ദല്‍ഹിയിലടക്കം മതന്യൂനപക്ഷങ്ങള്‍ക്ക് വീട് വാടകക്ക് കൊടുക്കരുതെന്ന് പറഞ്ഞത്. ഇതൊന്നും ആരും മറക്കരുത്. എല്ലാ മത മേലധ്യക്ഷന്മാരെയും അടിച്ചാക്ഷേപിക്കാനല്ല ഞാന്‍ ഇക്കാര്യം പറഞ്ഞത്,’ സതീശന്‍ പറഞ്ഞു.
ഈസ്റ്റര്‍ ദിനത്തില്‍ ബി.ജെ.പി നേതാക്കള്‍ ക്രിസ്ത്യന്‍ സഭ നേതാക്കളെ സന്ദര്‍ശിച്ചതിന് ശേഷം ആര്‍.എസ്.എസ് അനുകൂല പരാമര്‍ശങ്ങളുമായി പുരോഹിതര്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുമായി രാഷ്ട്രീയമായി എതിര്‍പ്പില്ലെന്നും ആര്‍.എസ്.എസിനും അതിന്റേതായ നല്ല വശങ്ങള്‍ ഉണ്ടെന്നുമായിരുന്നു ഓര്‍ത്തഡോക്‌സ് സഭ നേതൃത്വമടക്കം പ്രസ്താവനയിറക്കിയത്.
Content Highlight: v d satheeshan comment on bishops