രണ്ടാം മോദിസര്‍ക്കാര്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരണാനുമതി തേടിയ മുസ്ലീം വിവാഹാവകാശ സംരക്ഷണ ബില്‍ (മുത്തലാഖ് ബില്‍) അവതരണത്തിനു മുമ്പേ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. 1985-ലെ ഷബാനു ബീഗം കേസില്‍ സ്വയം സംരക്ഷിക്കാന്‍ പ്രാപ്തിയില്ലാത്ത ഏതൊരു സ്ത്രീയ്ക്കും ജീവനാംശം അവകാശമാക്കിയ സി.ആര്‍.പി.സി. 125-ആം വകുപ്പ് മുസ്ലിം വിവാഹമുക്തയുടെ കാര്യത്തിലും ബാധകമാണെന്ന സുപ്രീംകോടതി വിധിയുണ്ടാക്കിയ കോലാഹലങ്ങള്‍ ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്ലിന്റെ കാര്യത്തില്‍ ഉണ്ടാകുമോ എന്നു സംശയമാണ്.
അന്ന് മുസ്ലീം സംഘടനകളുടെ കൂട്ടായ ആവശ്യങ്ങള്‍ക്കു വഴങ്ങി രാജീവ് ഗാന്ധി മന്ത്രിസഭ കൊണ്ടുവന്ന പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡിവോഴ്‌സ് ആക്ട് നിയമമാണ് തത്വത്തില്‍ ഈ ബില്ലോടു കൂടി റദ്ദാവാന്‍ പോകുന്നത്. രാജീവ് ഗാന്ധികൊണ്ടുവന്ന നിയമം വര്‍ഷങ്ങള്‍ക്കിപ്പുറം പരിശോധിക്കുമ്പോള്‍ ഏറ്റവും സ്ത്രീവിരുദ്ധവും പുരുഷ ഇസ്ലാമിന്റെ താല്‍പര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നതുമാണെന്നു കാണാം. ആധുനിക ഇന്ത്യയില്‍ സ്വയം പരിഷ്‌കരിക്കാനും നവീകരിക്കാനും കിട്ടിയ ഒരവസരവും ഉപയോഗിക്കാത്ത മുസ്ലീം പണ്ഡിത സഭകള്‍ ചോദിച്ചു വാങ്ങിയ വിധി കൂടിയാണ് ഇത്.
ദൈവദത്തമായ ശരീ-അത്തില്‍ കോടതിയ്‌ക്കോ ഭരണകൂടത്തിനോ ഇടപെടാന്‍ അവകാശമില്ലെന്ന ന്യായം പറഞ്ഞായിരുന്നു അക്കാലത്ത് ഈ നിയമത്തെ മുസ്ലീം സംഘടനകള്‍ ന്യായീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി ഇസ്ലാമിക നിയമങ്ങളുടെ ചരിത്രവും മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ മതനിയമങ്ങളും അവലോകനം ചെയ്യുന്ന ഏതൊരാള്‍ക്കും മനുഷ്യരാന്‍ തൊടാന്‍ പാടില്ലാത്ത ദൈവീകതയുള്ള ഒന്നല്ല ഇസ്ലാമിക ശരീ-അത്ത് എന്ന് ബോധ്യമാകും. മുത്തലാഖ് തന്നെ ഒരു ഡസനോളം ഇസ്ലാമികരാജ്യങ്ങളില്‍ നിരോധിച്ചതാണ്. ഈ പഴുതിലൂടെയാണ് മുസ്ലീം വിരുദ്ധത എന്ന വെറുപ്പിന്റെ രാഷ്ട്രീയം പാകത്തിനു ചേര്‍ത്തുകൊണ്ട് മോദിസര്‍ക്കാര്‍ വലിയ മുന്‍ഗണനയോടെ മുത്തലാഖ് ബില്ലിന്റെ പിറകെ കൂടിയിരിക്കുന്നത്.
സമീപകാലത്ത് ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ ഒരു പരാമര്‍ശം ഇതിന് ശക്തമായ കാരണമായെന്നു മാത്രം. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയെങ്കിലും രാജ്യസഭ കടക്കാന്‍ ബില്ലിനു കഴിഞ്ഞിരുന്നില്ല. ഓര്‍ഡിനന്‍സുകളിലൂടെ നിലനിന്ന നിയമം പതിനാറാം പാര്‍ലിമെന്റിന്റെ കാലാവധി കഴിഞ്ഞതോടെ അസാധുവായിരുന്നു. അതാണ് പുതിയ സര്‍ക്കാരിന്റെ ഒന്നാമത്തെ നിയമനിര്‍മ്മാണമായി നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. മുസ്ലീം സ്ത്രീകളുടെ സംരക്ഷണം മുഖ്യലക്ഷ്യമായി പറയുന്ന ബില്ലിനെ സംബന്ധിക്കുന്ന ഏതു ചര്‍ച്ചയും ഇരുതലമൂര്‍ച്ചയുള്ള ആയുധമായി കൈമുറിയാന്‍ പാകത്തിലുള്ളതാണ്.
മൂന്നു തരത്തില്‍ ഈ ബില്ല് വിരുദ്ധ ആശയലോകങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നുണ്ട്. പുരുഷ ഇസ്ലാമും അതില്‍നിന്ന് ജനാധിപത്യരാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് കുതറിമാറാന്‍ ശ്രമിക്കുന്ന ആ മതത്തിലെ തന്നെ സ്ത്രീകളില്‍ ഒരു വിഭാഗവുമായാണ് ആദ്യ സംഘര്‍ഷം. തുല്യത എന്ന ജനാധിപത്യാവകാശത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഇക്കാര്യത്തില്‍ ഷബാനു ബീഗം കേസുമുതല്‍ മതപരിഗണനകള്‍ക്കപ്പുറം സ്ത്രീകള്‍ക്കൊപ്പമാണ്. രണ്ടാമത്തെ സംഘര്‍ഷം ഹൈന്ദവധ്രുവീകരണം രാഷ്ട്രീയശക്തിസംഭരണത്തിനുള്ള മുഖ്യ ആശ്രയമായി സ്വീകരിച്ച ബി.ജെ.പി.യുടെ മുസ്ലീം വിരുദ്ധതയുടെ സമീപനങ്ങളും അതിനെതിരെ നില്‍ക്കുന്ന എല്ലാ വിഭാഗം നിലപാടുകളും തമ്മിലുള്ളതാണ്.
ന്യൂനപക്ഷാവകശാങ്ങള്‍ക്കുമേലുള്ള കൈകടത്തല്‍, മതസ്വാതന്ത്ര്യത്തിനുമേലുള്ള ഇടപെടല്‍ എന്നിവകൂടി ഇതോടു ചേര്‍ത്തു ചര്‍ച്ച ചെയ്താല്‍ മതിയാകും. മുത്തലാഖ് ചര്‍ച്ചകളില്‍ പൊതുവെ കടന്നു വരാത്ത ഒന്ന് വ്യക്തികേന്ദ്രിതമായ ആധുനിക നഗരജീവിതവ്യവസ്ഥയില്‍ വിവാഹം, വിവാഹമോചനം എന്നിവ ഇസ്ലാമിക വിവാഹമോചന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യതയാണ്.
പ്രത്യേകിച്ച് മുന്നറിയിപ്പൊന്നുമില്ലാതെ വിവാഹിതനായ മുസ്ലീം പുരുഷന്‍ തന്റെ ഭാര്യയെ ഒറ്റത്തവണ തലാഖ് ചൊല്ലുകയും ഇദ്ദ കാലത്തിനു ശേഷം (വിവാഹമോചനത്തിന് മൂന്ന് ഋതുകാലമാണ് ഇദ്ദകാലം) അവള്‍ക്കോ കുട്ടികള്‍ക്കോ ജീവനാംശം നല്‍കാതിരിക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ഇ-മെയിലായോ എസ്.എം.എസ്. ആയോ വാട്‌സാപ്പ് സന്ദേശമായോ ഇത് ചെയ്താലും വിവാഹം റദ്ദാകും എന്ന മതവിധി വന്നപ്പോഴാണ് മുത്തലാഖ് വീണ്ടും നിയമപരമായ പരിശോധനയുടെ പരിധിയില്‍ വരുന്നത്. ഇസ്ലാം മതത്തിലെ പണ്ഡിതര്‍ക്കിടയില്‍ത്തന്നെ ഇത്തരം ഒറ്റത്തലാഖ് ശരിയല്ല എന്ന് അഭിപ്രായമുണ്ട്.
ഖലീഫാഭരണകാലത്തിനു ശേഷം നിലവില്‍ വന്ന ഉമവിയ്യാ ഭരണകാലത്താണത്രെ ഇസ്ലാമിലെ പുരുഷന്മാര്‍ക്കു മേല്‍ക്കൈ കിട്ടുന്ന ഈ വിവാഹമോചന സമ്പ്രദായം നിലവില്‍ വന്നത്. ഇസ്ലാം മതപണ്ഡിതരോട് സംസാരിച്ചാല്‍ സ്ത്രീയുടെ അവകാശങ്ങളെ ഏറ്റവും നന്നായി വകവെക്കുന്ന മതമാണ് ഇസ്ലാം എന്നാണ് പറയുക. അതിനു തെളിവായി അവര്‍ മുന്നോട്ടു വെക്കുന്നതും വിവാഹമോചനം തന്നെയാണ്. അത് പക്ഷെ ഇങ്ങനെയല്ലെന്നു മാത്രം.
ചുരുങ്ങിയത് ആറു മാസമെങ്കിലും സമയമെടുക്കുന്ന ഒരു പ്രക്രിയയാണ് ഇസ്ലാമിലെ പ്രധാന വിവാഹമോചനരീതിയായ തലാഖ്. ഇത് പുരുഷന്റ ഭാഗത്തുനിന്നുള്ളതാണ്. സ്ത്രീയുടെ മൂന്നു ഋതുകാലത്തിനുള്ളില്‍ മൂന്നുതവണയായി ചൊല്ലിയാലേ ഈ തലാഖ് പ്രാബല്യത്തില്‍ വരൂ. ഒന്നാം തലാഖ് ചൊല്ലുന്നതിനു മുമ്പു തന്നെ ദമ്പതിമാര്‍ സ്വതന്ത്രമായും കുടുംബത്തിലെ കാരണവന്മാരുടെ സാന്നിധ്യത്തിലും പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അതില്‍ തീരുമാനമായില്ലെങ്കില്‍ ഒന്നാം തലാഖ്. രണ്ടാം തലാഖിനുമുമ്പ് മാനസാന്തരം വന്ന് ഒന്നിച്ചു ജീവിക്കാന്‍ അവസരമുണ്ട്. രണ്ടാം തലാഖിനു ശേഷവും ഇങ്ങനെ ദാമ്പത്യത്തിലേക്കു മടങ്ങി വരാന്‍ അവസരമുണ്ട്. ഇതു രണ്ടും കഴിഞ്ഞാണ് മൂന്നാം തലാഖ്. ഇതിനകം സ്ത്രീയുടെ മൂന്ന് ഋതുകാലം കഴിഞ്ഞിട്ടുണ്ടാകും. മൂന്നാം തലാഖിനുശേഷവും ഇദ്ദ കാലം കഴിയുന്നതുവരെ സ്ത്രീയുടെ സംരക്ഷണച്ചുമതല പുരുഷനാണ്. മൂന്നാം തലാഖ് ചൊല്ലിയാലും ദാമ്പത്യം തുടരാന്‍ വകുപ്പുണ്ട്. സ്ത്രീയെ വേറൊരാള്‍ വിവാഹം ചെയ്ത് തലാഖ് ചൊല്ലണമെന്നു മാത്രം.
ഇദ്ദാ കാലത്തിനുശേഷം മുന്‍ഭാര്യയ്‌ക്കോ പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള മക്കള്‍ക്കോ ഭര്‍ത്താവ് യാതൊരു ജീവനാംശവും നല്‍കേണ്ടതില്ല. ഇതുമുഴുവന്‍ സ്ത്രീയുടെ കുടുംബത്തിന്റെ ചുമതലയില്‍ വരും. ഈ നിയമമാണ് പൗരത്വതുല്യതയുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകള്‍ വ്യാഖ്യാനിച്ച് കോടതിയും പാര്‍ലിമെന്റും റദ്ദു ചെയ്യുന്നത്.
ഖുര്‍ആനും പ്രവാചകവാക്യങ്ങളും വിവാഹമോചനത്തെ ഒഴിവാക്കേണ്ട ഒന്നായാണ് കാണുന്നത്. വിശ്വാസികള്‍ക്ക് അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ അള്ളാഹുവിന് ഏറ്റവും കോപമുള്ളത് വിവാഹമോചനം ആണെന്ന് മുഹമ്മദ് നബിയുടേതായി ഒരു വാക്യമുണ്ട്. ഖുര്‍ആനിലെ സ്ത്രീകള്‍ എന്ന അധ്യായം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഇരുകുടുംബങ്ങളിലെയും കൈകാര്യകര്‍ത്താക്കള്‍ ചര്‍ച്ച നടത്തി പരിഹരിക്കേണ്ടതാണ് പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വ്യത്യസ്ത തരം വിവാഹമോചനരീതികള്‍ ഇസ്ലാമില്‍ പല കാലങ്ങളിലായി രൂപപ്പെട്ടിട്ടുണ്ട്.
തലാഖ് ഇ അഹ്‌സന്‍, ഇലാ എന്നിവ ഏതാണ്ട് താല്‍ക്കാലിക സ്വഭാവമുള്ളതാണ്. തലാഖ് ഇ ഹസന്‍ മേല്‍ വിവരിച്ച, മാസങ്ങള്‍കൊണ്ടു മാത്രം പ്രാബല്യത്തില്‍ വരുന്ന വിവാഹമോചനമാണ്. തലാഖ് ഇ ബിദ്ദാത് എന്ന ഒറ്റത്തവണകൊണ്ട് പ്രാബല്യത്തില്‍ വരുന്ന തലാഖാണ് മുത്തലാഖ് എന്ന പേരില്‍ അറിയപ്പെടുന്നതും ഇസ്ലാമിക ലോകത്ത് ഏറെ പ്രചാരത്തിലുള്ളതും. സ്ത്രീകള്‍ക്ക് നടത്താവുന്നതും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ താല്‍ക്കാലികമായോ നിത്യമായോ പ്രാബല്യത്തിലാകുന്നതുമായ അഞ്ചുവിധം വിവാഹമോചനരീതികളുണ്ട്. ലിയാന്‍,ഫസ്ഖ്,സിഹാര്‍,ഖുലാ,തലാഖ് ഇ തഫ്‌സീഹ് എന്നിവയാണവ.
ഇന്ത്യയില്‍ത്തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലുള്ള വിവാഹമോചനരീതികള്‍ നിലവിലുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട എല്ലാ മര്യാദകളും പാലിച്ച് പരമാവധി ദാമ്പത്യം തുടരാന്‍ പ്രേരിപ്പിക്കുന്ന വിവാഹമോചനരീതികളൊക്കെ മാറ്റിവെച്ച് മുത്തലാഖ് പ്രധാന വിവാഹമോചനരീതിയായി എന്നത് ആധുനിക ജനാധിപത്യസംസ്‌കാരത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. സ്ത്രീകള്‍ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം തേടുന്ന വ്യത്യസ്തമായ രീതികളുണ്ടെങ്കിലും സാധാരണഗതിയില്‍ അതൊന്നും നടക്കാറില്ല. പുരോഹിതന്മാര്‍ അതൊട്ടു പ്രോത്സാഹിപ്പിക്കാറുമില്ല.
ബി.ജെ.പി.ഗവണ്‍മെന്റുകള്‍ തുടര്‍ച്ചയായ ഓര്‍ഡിനന്‍സുകളിലൂടെയും ബില്ലുകളിലൂടെയും കൊണ്ടുവരാന്‍ ശ്രമിക്കുന്ന ബില്ലിനു പക്ഷേ അതിന്റെ മുഖ്യഗുണമായി പറയുന്ന മുസ്ലീം സ്ത്രീകളുടെ വിവാഹനിയമ സംരക്ഷണം എന്ന എന്ന ഘടകത്തിനപ്പുറം രാഷ്ട്രീയമാനങ്ങളുണ്ട്. പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ചുള്ള അന്താരാഷ്ട്ര ചര്‍ച്ചകളില്‍ പോലും മുഖം തിരിയ്ക്കുന്ന ഇന്ത്യ തിരക്കുപിടിച്ച് ഇത്തരമൊരു നിയമംകൊണ്ടുവരുന്നതിലെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത് അതിലെ വ്യവസ്ഥകളിലെ ഇരട്ടത്താപ്പുകൊണ്ടാണ്.
മറ്റു സമുദായങ്ങള്‍ക്കെല്ലാം വിവാഹവും വിവാഹമോചനവും സിവില്‍ നിയമങ്ങളുടെ പരിധിയില്‍ വരുമ്പോള്‍ മുത്തലാഖിനെ മൂന്നു വര്‍ഷം ജയില്‍ശിക്ഷ കിട്ടേണ്ട ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യുന്നു. ജയിലിലായ പുരുഷന്‍ വിവാഹമോചിതയ്ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ചെലവിനു കൊടുക്കണം എന്ന വിചിത്രവ്യവസ്ഥകൂടി മുത്തലാഖ് ബില്ലില്‍ കടന്നുകൂടിയിട്ടുണ്ട്. വിവാഹനിയമങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ മറ്റു സമുദായങ്ങളില്‍ പെട്ടവര്‍ക്ക് പരമാവധി ഒരു വര്‍ഷം മാത്രം ശിക്ഷയുള്ളപ്പോഴാണ് മുസ്ലീം പുരുഷന് മൂന്നു വര്‍ഷം ശിക്ഷ വിധിക്കുന്നത് എന്ന വിവേചവും ഉണ്ട്.
ടാഡ, യു.എ.പി.എ. തുടങ്ങി പൗരാവകാശത്തിനു വില കല്പിക്കാത്ത കരിനിയമങ്ങളുടെ പട്ടികയിലേക്ക് മുത്തലാഖ് നിയമവും വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. പരാതിക്കാരില്ലാതെ തന്നെ കേട്ടറിവു വെച്ച് പോലീസിന് കേസെടുത്ത് ജയിലിലടയ്ക്കാവുന്ന വിധമാണ് ഈ നിയമത്തിലെ വകുപ്പുകള്‍ എന്നറിയുമ്പോഴാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മുസ്ലീം വിരുദ്ധത പുറത്താകുന്നത്. മുസ്ലീം വ്യക്തിനിയമബോര്‍ഡ് അംഗം ഖാലിദ് റഷീദ് ഫിറഞ്ചി മഹാലി ചൂണ്ടിക്കാണിക്കുന്ന ഒരു കണക്കുണ്ട്. മൊത്തം വിവാഹമോചനക്കേസുകളില്‍ അരശതമാനം പോലും മുത്തലാഖ് വഴിയുള്ളതല്ല എന്ന് 2011-ലെ സെന്‍സസ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറയുന്നു.
അതേസമയം നൂറുകോടി ഹിന്ദുജനങ്ങള്‍ക്കിടയില്‍ 3.7 ശതമാനമാണ് വിവാഹമോചനക്കേസുകള്‍ വരുന്നത്. മുത്തലാഖ് എന്ന ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു മതാചാരവ്യവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നു വാദിക്കുന്നവര്‍ തന്നെ ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെട്ട മുത്തലാഖ് ബില്ലിലെ വ്യവസ്ഥകളോട് വിയോജിക്കുന്നത് ദേശീയപൗരത്വ രജിസ്റ്റര്‍ പോലുള്ള വിവേചനരാഷ്ട്രീയത്തിന്റെ മറയില്ലാത്ത പ്രയോഗം ഇതിലും ഉണ്ട് എന്നതുകൊണ്ടാണ്. ഇത് മതത്തിന്റെ പ്രശ്‌നമല്ലെന്നും സ്ത്രീയുടെ അഭിമാനത്തിന്റെയും നീതിയുടെയും പ്രശ്‌നമാണെന്നും ജനാധിപത്യത്തിലെ തുല്യത എന്ന ന്യായം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ ഏറ്റവും വിഭാഗീയതയുള്ളതും വര്‍ഗ്ഗീയവുമായ ഒരു നിയമമായി ഇതു മാറുന്നു.
രണ്ടുവര്‍ഷം മുമ്പാണ് പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാര്‍ വിവാഹിതരാണെങ്കില്‍ക്കൂടി അവര്‍ക്കിഷ്ടപ്പെട്ട സ്ത്രീയോട്/പുരുഷനോടൊപ്പം ശയിച്ചാല്‍ അതില്‍ ഭരണകൂടത്തിനോ പൊതുസമൂഹത്തിനോ തെറ്റായി ഒന്നുമില്ല എന്ന് കോടതി വിധിച്ചത്. സ്ത്രീയെ പുരുഷന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവായി കാണുന്ന ബ്രീട്ടീഷ് കാലംമുതല്‍ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ തിരുത്തിയാണ് കോടതി ഈ നിലപാടു സ്വീകരിച്ചത്. ആണിനും പെണ്ണിനും ഒന്നിച്ചു ജീവിക്കാന്‍ വിവാഹം നിര്‍ബന്ധമല്ല എന്ന് പറയാതെ പറയുന്ന വ്യവസ്ഥയാണത്. വിവാഹമില്ലെങ്കില്‍ വിവഹമോചനവുമില്ലല്ലോ.
തുല്യമായ പൗരബോധവും സാമ്പത്തിക സ്വാതന്ത്ര്യവുമുള്ള സ്ത്രീപുരുഷന്മാര്‍ക്കു മാത്രം സാധ്യമാകുന്ന ജീവിതമാണിത്. ഇഷ്ടമുള്ളപ്പോള്‍ ഉഭയസമ്മതപ്രകാരം പിരിഞ്ഞുപോകാനുള്ള വഴികള്‍ ആധുനികജീവിതക്രമത്തില്‍ പ്രധാനമാണ്. ആണും പെണ്ണും പരസ്പരം തടവിലാക്കുന്ന ഒന്നാവരുത് വിവാഹം. വ്യവസ്ഥകളുടെ ലംഘനമാണ് നിയമപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുന്നത് എന്നതുകൊണ്ടുതന്നെ വിവാഹത്തിന് ഏറ്റവും ചെറിയ വ്യവസ്ഥകള്‍ മാത്രമുണ്ടാവുക എന്നത് ദാമ്പത്യവുമായി ബന്ധപ്പെട്ട ആലോചനകളില്‍ മുഖ്യമാകുന്നു. മുത്തലാഖ് ചര്‍ച്ചകളുടെ രാഷ്ട്രീയത്തോടൊപ്പം ഇസ്ലാമിലെ വിവാഹമോചന രീതികളുടെ സമഗ്രമായ പുതുവായനയും ഇപ്പോള്‍ നടത്താവുന്നതാണ്.
സങ്കീര്‍ണ്ണമായ വ്യവസ്ഥകളുള്ള വിവാഹസമ്പ്രദായത്തോടൊപ്പം ഏറ്റവും ലളിതമായ മുത്തഅ വിവാഹം പോലുള്ള താല്‍ക്കാലിക വിവാഹങ്ങളും ഇസ്‌ലാമിലുണ്ട്. മുത്തലാഖു പോലെ ഏകപക്ഷീയവും സ്ത്രീവിരുദ്ധവുമായ വിവാഹമോചനരീതിയ്‌ക്കൊപ്പം നിശ്ചിതകാലത്തേക്ക് ലൈംഗിക വിലക്കേര്‍പ്പെടുത്തുന്നതുപോലുള്ള രീതികളും ഇസ്‌ലാമില്‍ ആണിനും പെണ്ണിനും ഉണ്ട്. മുത്തലാഖു പോലെ വിവാഹ സമ്മാനം (മഹര്‍) തിരിച്ചുകൊടുത്ത് തല്‍ക്ഷണം ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടുന്നതുപോലെ മുന്‍കൂട്ടി പരസ്യപ്പെടുത്തി നടത്തുന്ന മര്യാദാവിവാഹമോചനങ്ങളും സ്ത്രീകള്‍ക്ക് മുന്‍കൈയെടുത്ത് നടത്താവുന്നതാണ്.
ലോകചരിത്രത്തില്‍ സിവില്‍, ക്രിമിനല്‍ നിയമവ്യവസ്ഥകള്‍ സൂക്ഷ്മമായ അടരുകളോടെ വളര്‍ച്ച പ്രാപിച്ചത് ഇസ്‌ലാമിക ഭരണകൂടങ്ങളിലൂടെയാണ് എന്നു കാണാനാകും. ഇന്ത്യയില്‍പ്പോലും നീതിന്യായവ്യവസ്ഥയും റവന്യൂ സംവിധാനങ്ങളും ബ്രിട്ടീഷ് രാജിനു ശേഷവും വക്കീല്‍, കോടതി, കച്ചേരി, തഹസില്‍ തുടങ്ങി പഴയ പേര്‍ഷ്യന്‍ അറബ് പദാവലികളില്‍ തുടരുന്നത് ഇതിനുള്ള തെളിവാണ്. ഇക്കൂട്ടത്തിലേക്ക് ആണിനും പെണ്ണിനും ഒരു പോലെ സ്വാതന്ത്യം നല്‍കുന്ന വിവാഹമോചനരീതികള്‍ കൂടി കൊണ്ടുവന്നാല്‍ അത് വ്യക്തികേന്ദ്രിതമായ ആധുനിക നഗരജീവിതത്തിന് ചേര്‍ന്നതുമാകും.
പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ ഇപ്പോഴും രാജ്യസഭയില്‍ മുത്തലാഖ് ബില്ലിനെ പരാജയപ്പെടുത്തുകയോ അതിലെ വിവേചനപൂര്‍ണ്ണമായ ഭാഗങ്ങള്‍ ഒഴിവാക്കിയെടുക്കുകയോ ചെയ്യാനാവും. അപ്പോഴും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാഹമോചനനിയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സാധുതയുണ്ടാകും