ഏത് ആയുര്‍വേദ ആശുപത്രിയിലാണ് പതഞ്ജലി മരുന്നുപയോഗിക്കുന്നത്? രാംദേവിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഐ.എം.എ
national news
ഏത് ആയുര്‍വേദ ആശുപത്രിയിലാണ് പതഞ്ജലി മരുന്നുപയോഗിക്കുന്നത്? രാംദേവിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഐ.എം.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th May 2021, 4:05 pm

ഡെറാഡൂണ്‍: അലോപ്പതി ചികിത്സയെ അധിക്ഷേപിച്ച ബാബ രാംദേവിനെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മാധ്യമങ്ങളുട സാന്നിദ്ധ്യത്തില്‍ പരസ്യമായി ആയിരിക്കും ചര്‍ച്ചയെന്നും ഉത്തരാഖണ്ഡ് ഐ.എം.എ പ്രസിഡന്റ് ഡോ. അജയ് ഖന്ന പറഞ്ഞു.

ഏത് ആയുര്‍വേദ ആശുപത്രികളിലാണ് പതഞ്ജലിയുടെ മരുന്നുകള്‍ ഉപയോഗിക്കുന്നതെന്ന് രാംദേവ് വ്യക്തമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

നേരത്തെ, ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ രാംദേവ് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയിരുന്നു. സംഭവം വിവാദമായതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ രംഗത്തുവന്നു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് രാംദേവ് തന്റെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.

രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഉത്തരാഖണ്ഡ് ഐ.എം.എ രംഗത്തെത്തിയിരുന്നു. 1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

അലോപ്പതിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്നാണ് ലീഗല്‍ നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

അതേസമയം, വാക്സിനേഷന്‍ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ. പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഐ.എം.എ കത്തില്‍ വ്യക്തമാക്കി.

കൊവിഡിനെതിരെ രണ്ട് വാക്സിനും സ്വീകരിച്ച 10000 ഡോക്ടര്‍മാര്‍ മരിച്ചുവെന്നും അലോപ്പതി ചികിത്സ കാരണം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന രീതിയിലും രാംദേവ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെടുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Uttarakhand Ima Challenges Baba Ramdev