നിയമസഭയില്‍ യോഗിക്ക് കന്നിയങ്കം; 57 സീറ്റുകളിലേക്ക് യു.പിയില്‍ ഇന്ന് തെരഞ്ഞെടുപ്പ്
2022 U.P Assembly Election
നിയമസഭയില്‍ യോഗിക്ക് കന്നിയങ്കം; 57 സീറ്റുകളിലേക്ക് യു.പിയില്‍ ഇന്ന് തെരഞ്ഞെടുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd March 2022, 7:57 am

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം ഇന്ന് നടക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

2.14 കോടി വോട്ടര്‍മാരാണ് വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുക. 57 മണ്ഡലങ്ങളിലായി 676 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെരഞ്ഞെടുപ്പിന് തൊട്ടുവുമ്പ് ബി.ജെ.പി വിട്ട് സമാാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, ഉത്തര്‍പ്രദേശ് പി.സി.സി പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പൂര്‍ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്നാണ് നടക്കുന്നത്. ചന്ദ്രശേഖര്‍ ആസാദാണ് യോഗിയുടെ പ്രധാന എതിരാളി.

യോഗിയുടെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്.

മുന്‍പ് പാര്‍ലമെന്റ് ആംഗമായിട്ടുള്ള യോഗി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ, നിയമസഭാ കൗണ്‍സിലിലൂടെയായിരുന്നു കഴിഞ്ഞ തവണ മുഖ്യമന്ത്രിയായി അധികാരമേറ്റത്.

18 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവാണ് അവസാനമായി മത്സരിച്ചത്. ഗുന്നൗര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മുലായം മത്സരിച്ചത്.

അതിന് ശേഷം മുഖ്യമന്ത്രിമാരായവരെല്ലാം നിയമസഭാ കൗണ്‍സിലിലൂടെയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്.

ഏഴ് ഘട്ടമായാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 403 മണ്ഡലങ്ങളില്‍ 292 എണ്ണത്തിലേക്കാണ് ഇതുവരെ തെരഞ്ഞെടുപ്പ് നടന്നത്.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളില്‍ 46 എണ്ണവും ബി.ജെ.പിയാണ് ഭരിക്കുന്നത്.

അവസാനഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് നടക്കും. ഈ മാസം പത്തിനാണ് വോട്ടെണ്ണല്‍.


Content Highlight: Uttar Pradesh election CM Yogi Adityanath contests as voting begins for 57 seats