national news
യു.പിയില്‍ ഇനി പ്രാദേശിക ഭാരത് ജോഡോ യാത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Dec 13, 03:01 am
Tuesday, 13th December 2022, 8:31 am

ലഖ്‌നൗ: ഭാരത് ജോഡോ യാത്രയുടെ പ്രാദേശിക രൂപം ഉത്തര്‍ പ്രദേശില്‍ ആരംഭിച്ച് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ ബ്രിജ്‌ലാല്‍ ഖബ്രി (Brijlal Khabri).

തിങ്കളാഴ്ച ലഖ്‌നൗവിലെ രവീന്ദ്രാലയ ചാര്‍ബാഗില്‍ നിന്നാണ് ബ്രിജ്‌ലാല്‍ ഖബ്രി പ്രാദേശിക ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. ജനുവരിയിലായിരിക്കും രാഹുലിന്റെ യാത്ര യു.പിയിലെത്തുക.

ഈ കാല്‍നടയാത്ര മാറ്റത്തിന്റെ സൂചനയാണെന്നും മുന്‍ പാര്‍ട്ടി പ്രസിഡന്റ് കൂടിയായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആ മാറ്റം സംഭവിക്കുമെന്നും ബ്രിജ്‌ലാല്‍ ഖബ്രി പ്രതികരിച്ചു.

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് നകുല്‍ ദുബെയും യാത്രയില്‍ ഖബ്രിയെ അനുഗമിക്കുന്നുണ്ട്.

ബി.ആര്‍. അംബേദ്കറുടെ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ടാണ് ഖബ്രി യാത്ര ആരംഭിച്ചത്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന മാറ്റത്തിന്റെ സൂചനയാണ് ഈ യാത്രയെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഖബ്രി പറഞ്ഞു.

ചാര്‍ബാഗില്‍ നിന്ന് ആരംഭിച്ച യാത്ര ബന്‍സ്മണ്ടി ചൗരാഹ, നക ചൗരാഹ, റാണിഗഞ്ച്, രകബ്ഗഞ്ച്, യഹിയഗഞ്ച്, നഖാസ് ചൗരാഹ, ചരക് ചൗരാഹ, ഇമാംബര എന്നിവിടങ്ങളിലൂടെ ഷഹീദ് സ്മാരകില്‍ എത്തിയതായി കോണ്‍ഗ്രസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ചൊവ്വാഴ്ച ശ്രാവസ്തിയില്‍ നിന്ന് യാത്ര പുനരാരംഭിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, 2023 ജനുവരി ആദ്യ വാരമായിരിക്കും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര യു.പിയിലെത്തുക.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 150 ദിവസങ്ങള്‍ കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ 3570 കിലോമീറ്ററാണ് യാത്ര കവര്‍ ചെയ്യുക.

കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ദല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലൂടെയാണ് ഭാരത് ജോഡോ യാത്ര സഞ്ചരിക്കുന്നത്.

എന്നാല്‍ ബി.ജെ.പി ശക്തമായ ഭരണം കയ്യാളുന്ന ഗുജറാത്തിലൂടെ രാഹുലിന്റെ യാത്ര കടന്നുപോകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

കശ്മീരിലെ ശ്രീനഗറിലായിരിക്കും ഭാരത് ജോഡോ യാത്ര അവസാനിക്കുക.

Content Highlight: Uttar Pradesh Congress Launched Statewide Bharat Jodo Yatra