ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി വിജയത്തിന് പിന്നാലെ ഈ പരമ്പരയില്‍ താന്‍ നേരിടാന്‍ ഏറ്റവുമധികം പ്രയാസപ്പെട്ട ബൗളറെ കുറിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയെ നേരിടാന്‍ ഏറെ പ്രയാസപ്പെട്ടെന്നും സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ താരം ഇന്ത്യയ്‌ക്കൊപ്പമില്ലാതിരുന്നത് ഓസ്‌ട്രേലിയയ്ക്ക് ഗുണകരമായെന്നും ഖവാജ പറഞ്ഞു.
എ.ബി.സി സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘(രണ്ടാം ഇന്നിങ്‌സില്‍) ബുംറയ്ക്ക് പരിക്കേറ്റത് ഒട്ടും മികച്ചതായിരുന്നില്ല, എന്നാല്‍ അത് ഞങ്ങള്‍ക്ക് ഗുണകരമായി. ദൈവത്തിന് നന്ദി. ഈ ട്രാക്കില്‍ ബുംറയെ നേരിടുക എന്നത് ഏറെ പേടിപ്പിക്കുന്ന കാര്യമായിരുന്നു. ബുംറ ടീമിനൊപ്പമില്ല എന്ന് കണ്ട നിമിഷം മുതല്‍, ഞങ്ങള്‍ക്കൊരു ചാന്‍സ് ഉണ്ടെന്ന് തോന്നിത്തുടങ്ങി. ഞാന്‍ നേരിട്ടതില്‍ ഏറ്റവും ടഫായ ബൗളറാണ് ബുംറ,’ ഖവാജ പറഞ്ഞു.
സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പരിക്കേറ്റതോടെയാണ് ബുംറയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ പന്തെറിയാന്‍ സാധിക്കാതെ വന്നത്. ആദ്യ ഇന്നിങ്‌സില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റ് താരം നേടിയിരുന്നു. എന്നാല്‍ പരിക്ക് വലച്ചതിന് പിന്നാലെ താരം കളം വിടുകയും വൈദ്യസഹായം തേടുകയുമായിരുന്നു.
Jasprit Bumrah has left the SCG: https://t.co/0nmjl6Qp2a pic.twitter.com/oQaygWRMyc
— cricket.com.au (@cricketcomau) January 4, 2025
ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയെങ്കിലും താരം പന്തെറിഞ്ഞിരുന്നില്ല. ബുംറയുടെ അഭാവം മുതലെടുത്ത ഖവാജ ടീമിന്റെ ടോപ് സ്‌കോററായാണ് വിജയത്തില്‍ നിര്‍ണായകമായത്.
ഈ പരമ്പരയില്‍ കളിച്ച പത്ത് ഇന്നിങ്‌സില്‍ നിന്നും 20.44 ശരാശരിയില്‍ 184 റണ്‍സാണ് ഓസീസ് ഓപ്പണര്‍ സ്വന്തമാക്കിയത്. പരമ്പരയില്‍ ഒമ്പത് തവണ പുറത്തായപ്പോള്‍ അതില്‍ ആറ് തവണയും ഖവാജയെ മടക്കിയത് ബുംറ തന്നെയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ കോണ്‍സ്റ്റസിന്റെ സ്ലെഡ്ജിങ്ങിന് പിന്നാലെ ഖവാജയെ രാഹുലിന്റെ കൈകളിലെത്തിച്ച് മടക്കിയതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറെ ഏറ്റവുമധികം തവണ പുറത്താക്കുന്ന ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബുംറയ്ക്കായി.
Fiery scenes in the final over at the SCG!
How’s that for a finish to Day One 👀#AUSvIND pic.twitter.com/BAAjrFKvnQ
— cricket.com.au (@cricketcomau) January 3, 2025
(താരം – ടീം – എത്ര തവണ വിക്കറ്റ് നേടി എന്നീ ക്രമത്തില്‍)
സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 8
ജസ്പ്രീത് ബുംറ – ഇന്ത്യ – 6
ക്രിസ് വോക്സ് – ഇംഗ്ലണ്ട് – 6
കഗീസോ റബാദ – സൗത്ത് ആഫ്രിക്ക – 5
ഗ്രെയം സ്വാന്‍ – ഇംഗ്ലണ്ട് – 5
പരമ്പരയില്‍ പന്തെറിഞ്ഞ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 32 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ബുംറയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തിരുന്നു.
Content Highlight: Usman Khawaja praises Jasprit Bumrah