മൂന്നാം തവണയും വെടിനിര്‍ത്തല്‍ വീറ്റോ ചെയ്ത് അമേരിക്ക; ഇസ്രഈലിന്റെ നാസി അജണ്ടയെ പിന്തുണക്കുന്ന നടപടിയെന്ന് ഹമാസ്
World News
മൂന്നാം തവണയും വെടിനിര്‍ത്തല്‍ വീറ്റോ ചെയ്ത് അമേരിക്ക; ഇസ്രഈലിന്റെ നാസി അജണ്ടയെ പിന്തുണക്കുന്ന നടപടിയെന്ന് ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st February 2024, 10:38 am

ഗസ: ഗസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതില്‍ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്ത നടപടിയെ അപലപിച്ച് ഹമാസ്. അല്‍ജീരിയയാണ് ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.

ഗസയില്‍ ഇസ്രഈൽ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ നിര്‍ത്തണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ അമേരിക്കൻ നടപടിയെ ശക്തമായി അപലപിക്കുന്നതായി ഹമാസ് പ്രതികരിച്ചു.

പ്രമേയം യു.എസ് തുടർച്ചയായി പരാജയപ്പെടുത്തുന്നത് ഫലസ്തീന്‍ ജനതയെ കൊല്ലാനും കുടയിറക്കാനും ലക്ഷ്യമിട്ടുള്ള ഇസ്രഈലിന്റെ നാസി അജണ്ട നടപ്പാക്കുന്നതിനാണെന്ന് ഹമാസ് പറഞ്ഞു. ഗാസക്കെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്തം യു.എസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും ഏറ്റെടുക്കണമെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.

‘അമേരിക്കയുടെ നിലപാടാണ് അധിനിവേശത്തിനുള്ള പച്ചക്കൊടിയായി തുടരുന്നത്. നിരായുധരായ ഫലസ്തീന്‍ ജനതയെ ബോംബാക്രമണത്തിലൂടെയും പട്ടിണിക്കിട്ടും ഇസ്രഈല്‍ കൊന്നു കൊണ്ടിരിക്കുകയാണ്. അമേരിക്കക്കാണ് ഗസയിലെ കുട്ടികള്‍ക്കും നിരായുധരായ സാധാരണക്കാര്‍ക്കുമെതിരെ തുടരുന്ന ആക്രമണത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം. ഇസ്രഈലിനെ യുദ്ധത്തില്‍ പൂര്‍ണമായി പിന്തുണക്കുന്നതിനായി 10,000 ടണ്‍ ആയുധങ്ങളാണ് അമേരിക്ക വിതരണം ചെയ്തത്’, ഹമാസ് പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍ ഗസയുടെ മണ്ണില്‍ വംശഹത്യ തുടങ്ങിയതിന് ശേഷം ഇത് മൂന്നാം തവണയാണ് അമേരിക്ക വെടിനിര്‍ത്തല്‍ പ്രമേയം വീറ്റോ ചെയ്യുന്നത്. യുദ്ധം ആരംഭിച്ചത് മുതല്‍ സമ്പൂര്‍ണ ഉപരോധമാണ് ഇസ്രഈല്‍ ഗസക്ക് മേല്‍ ചുമത്തിയത്.

ഇത് ഗസയിലേക്കുള്ള ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യുതി എന്നിവ പൂര്‍ണമായും തടസപ്പെടുന്നതിന് കാരണമായി. ഇതുവരെ 29,000ത്തിലധികം ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 70,000ത്തോളം പേര്‍ക്ക് ആക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

Contant Highlight: US veto serves Israel’s Nazi agenda, Hamas says after Washington blocks ceasefire