കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്
World News
കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th January 2024, 11:14 am

കാലിഫോർണിയ: കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രം ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കാൻ ശ്രമം. കലിഫോർണിയയിലെ ഹേവാർഡിൽ സ്ഥിതിചെയ്യുന്ന വിജയ് ഷേർവാലി ക്ഷേത്രത്തിനു നേരെയാണ് ഖലിസ്ഥാൻ വാദികളുടെ അക്രമം ഉണ്ടായത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്നതും, ഖലിസ്ഥാൻ വാദത്തെ പ്രശംസിക്കുന്നതുമായ എഴുത്തുകൾ ആണ് ക്ഷേത്രത്തിൽ ഖലിസ്ഥാൻ വാദികൾ എഴുതിയത്.

രണ്ടാഴ്ചകൾക്ക് മുമ്പ് ഷേർവാലി ക്ഷേത്രത്തിൽ നിന്നും 11 കിലോമീറ്റർ മാത്രമകലെയുള്ള ശ്രീ സ്വാമി നാരായണൻ ക്ഷേത്രവും ഖലിസ്ഥാൻ വാദികൾ ഇത്തരത്തിൽ വികൃതമാക്കാൻ ശ്രമിച്ചിരുന്നു.

ഈ അക്രമങ്ങൾ ഖലിസ്ഥാൻ വാദികൾ വീണ്ടും പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിന്റെ സൂചനയായിട്ടാണ് കാണുന്നത്.

ഇന്ത്യൻ ഗവൺമെൻറ് ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിദേശ മണ്ണിൽ ഇന്ത്യയെ തകർക്കുന്നതിനുള്ള വിഘടനവാദ പ്രവർത്തനങ്ങൾ നടക്കുന്നതിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇത്തരക്കാർക്ക് അവിടങ്ങളിൽ ഇടം ലഭിക്കരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.

സംഭവത്തെ അപലപിച്ച്‌ രംഗത്ത് എത്തിയ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ബ്യൂറോ ഓഫ് സൗത്ത് ആൻഡ് സെൻട്രൽ അഫർയേഴ്സ്, വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടി സ്വീകരിക്കുമെന്നും, പ്രതികളെ ഉടൻ പിടികൂടുമെന്നും അറിയിച്ചിരുന്നു.
യു.എസ് കോൺഗ്രസിലെ ഇന്ത്യൻ വംശജരും എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന ആവശ്യമായി രംഗത്തെത്തിയിരുന്നു.

വിദേശ മണ്ണിൽ ഖലിസ്ഥാൻ പ്രവർത്തകരെ ഇന്ത്യൻ സർക്കാർ ലക്ഷ്യം വെക്കുന്നു എന്ന് യു.എസും കാനഡയും ആരോപിച്ചിരുന്നു. ഇത് ഇന്ത്യയും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ ഏൽപ്പിക്കുന്ന സാഹചര്യത്തിലേക്ക് കടന്നിരുന്നു. ഇതിനിടയിലാണ് ഖലിസ്ഥാൻ വാദികളിൽ നിന്നും വീണ്ടും പ്രകോപനമുണ്ടായത്.

യു.എസിലെ പ്രധാന ഖലിസ്ഥാൻ വാദികളിൽ ഒരാളായ ഗുർപത്വന്ത് സിംങ് പന്നൂനിനെ കൊലപെടുത്താൻ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന് യു.എസ് ആരോപിച്ചിരുന്നു. വിഷയത്തിൽ ഏഷ്യൻസ് നാഷണൽ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് ഒഫീഷ്യൽസുമായി ചർച്ച നടത്താൻ എഫ്.ബി.ഐ ഡയറക്ടർ ക്രിസ്റ്റഫർ റേ ഇന്ത്യയിലെത്തിയിരുന്നു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സിഖ് ആക്ടിവിസ്റ്റ് ഹർദീപ് സിംങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ സെപ്റ്റംബറിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് നിഷേധിച്ച ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ, ജസ്റ്റിൻ ട്രൂഡോയോട് തെളിവ് നൽകാൻ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിനെ കുറിച്ച് അന്വേഷിക്കുന്നതിനു വേണ്ടി ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയാണ് അമേരിക്ക ചെയ്തത്.

പാശ്ചാത്യ രാജ്യങ്ങളിൽ ഖലിസ്ഥൻ വാദികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവിൽ ഇന്ത്യ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഖലിസ്ഥൻ വാദികളുടെ വളർച്ചയ്ക്ക് കാനഡയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് പങ്കുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ നടത്തിയ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിലേക്കും നയിച്ചിരുന്നു.

കഴിഞ്ഞവർഷം സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം നടക്കുകയാണെന്ന് എഫ്.ബി.ഐ ഡയറക്ടർ ഇന്ത്യ സന്ദർശനത്തിൽ പറഞ്ഞിരുന്നു.

Content Highlights: US Hindu temple defaced with pro-Khalistan graffiti