national news
മൂന്ന് ഇന്ത്യന്‍ ആണവ സ്ഥാപനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 16, 07:50 am
Thursday, 16th January 2025, 1:20 pm

ന്യൂദല്‍ഹി: മൂന്ന് ഇന്ത്യന്‍ ആണവ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി യു.എസ്. ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്), ഇന്ദിരാഗാന്ധി ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ഐ.ജി.സി.എ.ആര്‍), ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് (ഐ.ആര്‍.ഇ) എന്നീ സ്ഥാപനങ്ങളെയാണ് നിയന്ത്രണങ്ങളില്‍ നിന്ന് നീക്കിയത്.

മൂന്ന് ഇന്ത്യന്‍ സ്ഥാപനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നത് കൂടുതല്‍ പ്രതിരോധശേഷിയുള്ള നിര്‍ണായക ധാതുക്കളും ശുദ്ധമായ ഊര്‍ജ വിതരണ ശൃംഖലയും സുരക്ഷിതമാക്കുന്നതിന് പ്രാപ്തമാക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് ഓഫ് കൊമേഴ്സ് സെക്രട്ടറി മാത്യു ബോര്‍മാന്‍ പറഞ്ഞു.

സഹകരണ പങ്കാളിത്തത്തോടെ ശാസ്ത്ര സാങ്കേതിക മേഖലയില്‍ യു.എസും ഇന്ത്യയും നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഗുണം ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പങ്കാളികള്‍ക്കും ലഭ്യമായതായി യു.എസ് ബ്യൂറോ ഓഫ് ഇന്റസ്ട്രി ആന്റ് സെക്യൂരിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

2005ല്‍ യു.എസും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച സിവില്‍ ആണവ ഉടമ്പടി സുഗമമാക്കുന്നതിനായാണ് തീരുമാനം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷും നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഉടമ്പടി സാധ്യമായത്.

ഈ ഉടമ്പടി സുഗമമാകുന്നതിനാണ് യു.എസ് നിലവില്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞാഴ്ച ഇന്ത്യ-അമേരിക്കന്‍ കമ്പനികള്‍ തമ്മിലുള്ള സിവില്‍ ആണവ പങ്കാളിത്തത്തിന് തടസമാകുന്ന നടപടികളില്‍ മാറ്റം വരുത്തുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് മൂന്ന് ഇന്ത്യന്‍ കമ്പനികളുടെ നിയന്ത്രണങ്ങള്‍ യു.എസ് റദ്ദാക്കിയത്. കൂടാതെ യു.എസിന്റെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ് നടപടി.

ഭീകരവാദം ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്കായി അനധികൃതമായി ആയുധങ്ങളും മറ്റും വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും സംഘടനകളെയും ബി.ഐ.എസ് ‘യു.എസ് എന്‍ട്രി ലിസ്റ്റ്’ ആയി പട്ടികപ്പെടുത്തും. ഈ ലിസ്റ്റില്‍ നിന്നാണ് ഇന്ത്യൻ സ്ഥാപനങ്ങളെ നീക്കിയിരിക്കുന്നത്.

Content Highlight: US exempts three Indian nuclear facilities from restrictions