Sports News
വൈറ്റ് ബോളില്‍ ഇന്ത്യയെ തടയാന്‍ ആര്‍ക്കും കഴിയില്ല, പക്ഷെ റെഡ് ബോളില്‍ സ്ഥിതി മോശമാണ്; തുറന്ന് പറഞ്ഞ് നവ്‌ജോത് സിങ് സിദ്ദു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 11, 11:49 am
Tuesday, 11th March 2025, 5:19 pm

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഐ.സി.സിയുടെ വൈറ്റ് ബോള്‍ ഇവന്റുകളില്‍ ഇന്ത്യ തങ്ങളുടെ ആധിപത്യം തുടരുമ്പോള്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യ പുറകിലാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു.

നവ്‌ജോത് സിങ് പറഞ്ഞത്

‘ഐ.പി.എല്‍ കാരണം ഞങ്ങള്‍ വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇന്ത്യയ്ക്ക് ഒരുപാട് മാച്ച് വിന്നര്‍മാരെ കണ്ടെത്താന്‍ സാധിച്ചു. ഞങ്ങളുടെ ബെഞ്ച് ശക്തരാണ്. ചില കളിക്കാര്‍ക്ക് വലിയ പേരുകള്‍ക്ക് പകരക്കാരാകാന്‍ കഴിയും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടില്ല. ഇത് വളരെ വലുതാണ്. ടി-20യില്‍ യുവതാരങ്ങളാണ് മത്സരങ്ങള്‍ ജയിക്കുന്നത്.

എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും കുറവുണ്ട്, ന്യൂസിലന്‍ഡിനോട് സ്വന്തം നാട്ടിലും പിന്നീട് ഓസ്ട്രേലിയയിലും തോറ്റു. റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ ഞങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ എനിക്ക് ഒരു നിര്‍ദേശമുണ്ട്. ബി.സി.സി.ഐ ഓരോ രഞ്ജി ട്രോഫി ടീമിലും നാലോ അഞ്ചോ വിദേശ കളിക്കാരെ അനുവദിക്കണം,

അത് ഞങ്ങള്‍ക്ക് സഹായകരമാകും. ടെസ്റ്റ് ക്രിക്കറ്റില്‍ ഞങ്ങള്‍ ഒന്നാം സ്ഥാനക്കാരാകും. ഐ.പി.എല്ലില്‍, ഞങ്ങളുടെ കളിക്കാര്‍ വിദേശ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം കളിക്കുന്നു, അത് അവരെ സഹായിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ഇത് പരീക്ഷിക്കാവുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

അതേസമയം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിജയിച്ചുകയറിയത്. 83 പന്തില്‍ ഏഴ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്.

ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 62 പന്തില്‍ 48 റണ്‍സും കെ.എല്‍ രാഹുല്‍ 33 പന്തില്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തി. ജഡേജയെ കൂട്ട് പിടിച്ച് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് കൊണ്ടെത്തിക്കാനും രാഹുലിന് സാധിച്ചു.

Content Highlight: Navjot Singh Sidhu Talking About Red Ball Cricket Of Indian Team