Advertisement
Entertainment news
ആ നടന്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്, അഭിപ്രായങ്ങള്‍ പറയുമായിരുന്നു: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 12:47 pm
Tuesday, 11th March 2025, 6:17 pm

തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രണ്‍ജി പണിക്കര്‍. സുരേഷ് ഗോപി നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമ ഭരത് ചന്ദ്രന്‍ ഐ.പി.എസ്, മമ്മൂട്ടി പൊലീസ് ഓഫീസറായി അഭിനയിച്ച രൗദ്രം എന്നീ സിനിമകളുടെ തിരക്കഥ എഴുതിയതും നിര്‍മ്മാണം, സംവിധാനം നിര്‍വഹിച്ചതും രണ്‍ജി പണിക്കരാണ്.

ഇപ്പോള്‍ നടന്‍ അജു വര്‍ഗീസ് തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ഓരോ ഷോട്ട് കഴിയുമ്പോഴും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് തുറന്നു പറയാനുള്ള മനസ് കാണിക്കാറുണ്ടെന്നും പറയുകയാണ് രണ്‍ജി പണിക്കര്‍. ഡബ്ബിങ്ങില്‍ പോലും തനിക്ക് ഒരുപാട് സജക്ഷന്‍സ് തന്നിരുന്നുവെന്നും അത് തന്നെ ഒരുപാട് സഹായിച്ചിരുന്നുവെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

ഫില്‍മിബീറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഏറ്റവും പുതിയ സിനിമയായ പടക്കുതിരയെപ്പറ്റി സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍.

‘ഷോട്ടിന്റെ ഇടയില്‍ അജു എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഓരോ ഷോട്ട് കഴിയുമ്പോഴും എനിക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയാനുള്ള മനസ്ഥിതി അജു കാണിച്ചിട്ടുണ്ട്. ഈ സിനിമയില്‍ അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഡബ്ബിങ്ങില്‍ പോലും അഭിപ്രായങ്ങള്‍ പറയുമായിരുന്നു.

ഡബ്ബിങ്ങിന്റെ ഇടയില്‍ അജു ‘സാറെ അതിങ്ങനെ ചെയ്യാന്‍ പറ്റുമോ’ എന്ന് ചോദിക്കാറുണ്ട്. വളരെ പോസിറ്റീവായിട്ടാണ് എനിക്കത് തോന്നിയത്. ഡബ്ബ് ചെയ്യുമ്പോഴും അഭിനയിക്കുമ്പോഴും നമുക്ക് ശരിയെന്ന് തോന്നുന്ന രീതിയിലാണ് ഓരോരുത്തരും ചെയ്യുന്നത്.

അതൊരു കോ ആര്‍ട്ടിസ്റ്റ് പറയുമ്പോള്‍ ചിലപ്പോള്‍ നമുക്ക് ഇഷ്ടപ്പെട്ടുവെന്ന് വരില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അത്തരം അഭിപ്രായങ്ങളോ നിരീക്ഷണങ്ങളോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. അതെന്നെ കൂടുതല്‍ സഹായിച്ചിട്ടേയുള്ളു,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

പത്രപ്രവര്‍ത്തകനായി തുടക്കമിട്ട രണ്‍ജി പണിക്കര്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ റിലീസായ ഡോ.പശുപതി എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിയാണ് സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് ഷാജി കൈലാസ് രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ തകര്‍ത്താടി. രഞ്ജി പണിക്കരുടെ തിരക്കഥകളിലെ സംഭാഷണങ്ങളായിരുന്നു ഇതിന് കാരണം.

പ്രതിനായകനും സഹനടനായും അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ സൂപ്പര്‍താര പദവി നല്‍കിയതും രണ്‍ജി പണിക്കരാണ്. സംവിധായകന്‍ ജോഷിയ്ക്ക് വേണ്ടിയും രണ്‍ജി പണിക്കര്‍ തിരക്കഥകള്‍ രചിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS: Aju Varghese has influenced me and used to comment: Ranji Panicker