വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയുടെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റി അമേരിക്കന്‍ മാധ്യമങ്ങള്‍.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന ട്രംപിന്റെ വാദങ്ങളാണ് അമേരിക്കയിലെ പ്രധാന മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് ഒഴിവാക്കിയത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ട്രംപിന്റെ ആരോപണങ്ങളാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ വെട്ടിമാറ്റിയത്.
വ്യാജ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചതെന്നും ഇത്, തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമങ്ങളുടെ നടപടി. എം.എസ്.ബി.എന്‍.സി, എന്‍.ബി.സി, സി.ബി.സി.എ, എ.ബി.സി ന്യൂസ് എന്നീ ചാനലുകളാണ് ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിലെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ട്രംപിന്റെ ഭാഗത്തു നിന്ന് ഉണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ എം.എസ്.എന്‍.ബി.സി പരാമര്‍ശം നീക്കുകയായിരുന്നു.
സംസ്ഥാനങ്ങളിലെ കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന ആരോപണവുമായി ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
” അവര്‍ തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. നിയമവിരുദ്ധ വോട്ടുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കവരാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. നിയമപരമായ വോട്ടുകള്‍ എണ്ണുകയാണെങ്കില്‍ ഞാന്‍ എളുപ്പത്തില്‍ വിജയിക്കും”, എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ വൈറ്റ് ഹൗസിലെ ട്രംപിന്റെ വാര്‍ത്താസമ്മേളനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ജനാധിപത്യം ചില സമയങ്ങളില്‍ ആശയകുഴപ്പം നിറഞ്ഞതാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബൈഡന്‍ പറഞ്ഞിരുന്നു.
അധികാരം ഒരിക്കലും പിടിച്ചെടുക്കാാന്‍ സാധിക്കില്ലെന്നും, അത് ജനങ്ങളില്‍ നിന്നാണ് വരുന്നതെന്നും, അവരുടെ താത്പര്യങ്ങളാണ് ഇനിയാര് ഭരിക്കണമെന്ന് തീരുമാനിക്കുക എന്നും ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.