അമേരിക്കന്‍ ഡെമോക്രാറ്റുകള്‍ക്ക് ഇസ്രഈലിനോടുള്ള പ്രിയം കുറയുന്നു; 49 ശതമാനം പേരുടെ പിന്തുണ ഫലസ്തീന്
Trending
അമേരിക്കന്‍ ഡെമോക്രാറ്റുകള്‍ക്ക് ഇസ്രഈലിനോടുള്ള പ്രിയം കുറയുന്നു; 49 ശതമാനം പേരുടെ പിന്തുണ ഫലസ്തീന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th March 2023, 9:23 pm

വാഷിങ്ടണ്‍: അമേരിക്കയിലെ ഡെമോക്രാറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഫലസ്തീനോടുള്ള അനുഭാവം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ധിച്ചിട്ടുണ്ടെന്ന് പഠനം. ഗാലപ് ഗ്ലോബല്‍ റിസര്‍ച്ച് അമേരിക്കയില്‍ നടത്തിയ സര്‍വെയിലാണ് പുതിയ കണ്ടെത്തല്‍.

2001 ന് ശേഷം ആദ്യമായാണ് യു.എസിലെ ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഇസ്രഈലിനേക്കാള്‍ ഫലസ്തീനികളോടുള്ള അനുകൂല സമീപനത്തില്‍ ഇത്ര വലിയ വര്‍ധനയുണ്ടായതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

മിഡില്‍ ഈസ്റ്റിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് നിങ്ങള്‍ ആരെയാണ് സപ്പോര്‍ട്ട് ചെയ്യുന്നതെന്ന ചോദ്യത്തിനാണ് ഡെമോക്രാറ്റുകള്‍ മറുപടി പറഞ്ഞത്. സര്‍വെയില്‍ പങ്കെടുത്ത 49 ശതമാനം പേര്‍ ഫലസ്തീന് അനുകൂലമായി മറുപടി നല്‍കി.

38 ശതമാനം പേര്‍ മാത്രമാണ് ഇസ്രഈലിനെ പിന്തുണച്ചത്. കണക്കുകള്‍ പ്രകാരം ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഫലസ്തീനികളോടുള്ള അനുഭാവത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് പതിനൊന്ന് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായെന്നും ഗാലപ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം അമേരിക്കയിലെ റിപ്പബ്ലിക്കര്‍ക്കിടയില്‍ ഇപ്പോഴും പ്രിയം ഇസ്രഈലിനോടാണ്. 78 ശതമാനം ആളുകളും ഇസ്രഈലിന് തന്നെയാണ് പിന്തുണ കൊടുക്കുന്നത്. 11 ശതമാനം പേര്‍ മാത്രമാണ് ഫലസ്തീന് പിന്തുണ നല്‍കുന്നത്. യു.എസിലെ യുവാക്കള്‍ക്കിടയില്‍ 31 ശതമാനം പേരും ഫലസ്തീനിനെയാണ് പിന്തുണക്കുന്നത്. ഈ കണക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇസ്രഈലിനും ഫലസ്തീനിനും ഇടയിലുണ്ടായ യുദ്ധങ്ങളും പ്രതിസന്ധികളുമാണ് ഇത്ര വലിയ മാറ്റം അമേരിക്കന്‍ ജനതയിലുണ്ടാക്കിയതെന്നാണ് സര്‍വെ നടത്തിയ ഗാലപ് ഏജന്‍സിയുടെ കണ്ടെത്തല്‍.

22 വര്‍ഷങ്ങളായി നടക്കുന്ന സര്‍വെയില്‍ ഇത് ആദ്യമായാണ് ഫലസ്തീനിന് ഇത്ര പിന്തുണ കിട്ടുന്നതെന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം 2023ല്‍ ഇതുവരെ 85 ഫലസ്തീനികളെയെങ്കിലും ഇസ്രഈല്‍ സൈന്യം കൊന്നതായാണ് കണക്ക്. ഇതില്‍ 16 കുട്ടികളും ഉള്‍പ്പെടും.

Content Highlight: US Democrats supports palatine than israel