റിയാദ്: സൗദി അറേബ്യയ്ക്ക് 290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍ വില്‍ക്കാന്‍ അനുമതി നല്‍കി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 290 മില്ല്യണ്‍ യു.എസ് ഡോളറിന്റെ ബോംബ് സൗദിക്ക് വില്‍ക്കാന്‍ യു.എസ് ഒരുങ്ങുന്നത്.
സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വലയ ചര്‍ച്ചയാകുന്ന സമയത്ത് സൈനിക പിന്തുണ നല്‍കുന്ന അമേരിക്കയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ചെറിയ വ്യാസമുള്ള ജി.ബി.യു 39 ബോംബുകളും ഉപകരണങ്ങളും സൗദി അറേബ്യയ്ക്ക് വില്‍ക്കാന്‍ സംസ്ഥാന വകുപ്പിന്റെ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി ചൊവ്വാഴ്ചയാണ് അനുമതി നല്‍കിയത്.
ഇതേ ദിവസം തന്നെ എച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കുവൈത്തിനു വില്‍ക്കാനും യു.എസ് അനുമതി നല്‍കി. ഈൗജിപ്തിനും അമേരിക്ക സൈനിക ഉപകരണങ്ങള്‍ കൈമാറുന്നുണ്ട്.
സൗദി അറേബ്യയില്‍ വര്‍ധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കണക്കിലെടുക്കാതെ ആയുധങ്ങള്‍ സമ്മാനിക്കുകയാണ് ട്രംപ് ഭരണകൂടമെന്ന് വിഷയത്തില്‍ ഡെമോക്രസി ഫോര്‍ ദി അറബ് വേള്‍ഡ് നൗവിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാറാ ലേ പറഞ്ഞു.
സൗദി യെമനില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് എടുത്തത്. ഇതേ സൗദിക്ക് ആയുധം വില്‍ക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
സൗദിക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള യു.എസിന്റെ തീരുമാനം അപകടരമാണെന്നാണ് നിരീക്ഷണങ്ങള്‍ ഉയരുന്നത്.