ഏതു രാജ്യത്തിന്റയും ആഭ്യന്തര വിപണിയെ തവിടു പൊടിയാക്കാന്‍ മാത്രം ശേഷിയുള്ള വലിയൊരു യുദ്ധത്തിനുള്ള അരങ്ങൊരുക്കം അണിയറയില്‍ തുടങ്ങികഴിഞ്ഞു.
“ലോക വ്യാപാര രംഗം മൊത്തമായി പ്രത്യക്ഷത്തില്‍ തന്നെ വരുതിയില്‍ ആക്കാനുള്ള ട്രംപിന്റെ ആദ്യ ചരടുവലി. ഇതിലൂടെ പുതിയൊരു വ്യാപാര യുദ്ധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്?. നമ്മളിവിടെ ഒന്നും അറിയുന്നില്ല. ഭരണകൂടങ്ങളോ പ്രതിപക്ഷങ്ങളോ ഇതുവരെ അത് ശ്രദ്ധിച്ച മട്ടില്ല.
“ഗാട്ടും കാണാചരടുകളും” എന്നേ അതെഴുതിയവരും വായിച്ചവരും വഴിയില്‍ ഉപേക്ഷിച്ചു. അല്ലെങ്കില്‍ തന്നെ കാലഹരണപ്പെട്ട 1400 നിയമങ്ങള്‍ റദ്ദാക്കിയെന്ന് ലോക സാമ്പത്തിക ഉച്ചകോടിയില്‍ മോദി പറഞ്ഞതുപോലും ആരും കേട്ടില്ല എപ്പോള്‍, എങ്ങനെ റദ്ദാക്കിയെന്ന ചോദ്യം പോലും എവിടെയും ഉയര്‍ന്നില്ല അപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ് എല്ലാം മുടക്കമില്ലാത്ത സംഭവിക്കുന്നു. ഒന്നും നമ്മളറിയുന്നില്ല.
എന്നാല്‍, കേട്ടോളൂ. സംഗതി ഡബ്ല്യു.ടി.ഒ ആണ്. അങ്ങ് അന്തര്‍ദേശീയമാണെങ്കിലും ഇങ്ങ് കേരളത്തിലെ കോഴിക്കച്ചവടം വരെ പൂട്ടിക്കുന്നതാണ്. അതിനെന്താ കോഴിക്കച്ചവടം പൂട്ടിയാല്‍ നാട് രക്ഷപ്പെടില്ലേ. ആശുപത്രികള്‍ പാതിയും പൂട്ടിക്കോളും എന്നാണ് മറുപടിയെങ്കില്‍ ഇത് അവിടെയും നില്‍ക്കില്ല. ഉപ്പ് തൊട്ട് കര്‍പൂരം വരെയും തോണ്ടിക്കുടഞ്ഞിട്ടേ പോവൂ. അതുകൊണ്ട് ചില്ലറ കളിയല്ല ഇനി കാണാനിരിക്കുന്നത്.
ഡബ്ല്യു.ടി.ഒ എന്നാല്‍, ലോക വ്യാപര സംഘടന. തുറന്ന വ്യാപാരം, എല്ലാവര്‍ക്കും ലാഭം. ഇതാണ് പ്രാഥമിക ലക്ഷ്യമെന്നാണ് പറച്ചില്‍. ലോകത്തെവിടെയും കച്ചവടം സ്വതന്ത്രമായും സുഗമമായും നടത്താനായി നിയമാവലിയും ഭരണഘടനയും ഒക്കെ ഉള്ള അന്തര്‍ദേശീയ വ്യാപാര ബോഡി എന്നും പറയാം.
1995ല്‍ നിലവില്‍വന്നു. അന്നു മുതല്‍ ആഗോള വ്യാപാരത്തെ നിയന്ത്രിക്കുന്നത് ഡബ്ല്യു.ടി.ഒ
ആണ്. 164 രാജ്യങ്ങള്‍ അംഗങ്ങള്‍ ആയി ഉണ്ട്. എന്നുവെച്ചാല്‍ ഭൂമിയിലെ മുക്കാലേ മുണ്ടാണിയോളം രാജ്യങ്ങളും ഇതിന്റെ നിയമാവലിക്ക് വിധേയമായാണ് അന്തര്‍ദേശീയ വ്യാപാരം നടത്തുന്നത് എന്ന്.
ഈ രാജ്യങ്ങളുടെ പാര്‍ലമെന്റുകള്‍ എല്ലാം ഡബ്ല്യു.ടി.ഒയുടെ ഭരണ ഘടനക്ക് അംഗീകാരം നല്‍കിയിരിക്കുന്നു. അതിനോട് വിധേയപ്പെട്ടിരിക്കുന്നു.
രാജ്യങ്ങള്‍ക്കിടയില്‍ ഉള്ള വ്യാപാരത്തിന് ചില നിയമങ്ങളും ചട്ടങ്ങളും ഇത് നിശ്ചയിച്ചിരിക്കുന്നുവെന്ന് പറഞ്ഞല്ലോ. ഈ ചട്ടം പച്ചക്ക് ലംഘിക്കാന്‍ യു.എസ് തുനിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. അപ്പോള്‍ യു.എസിനെ ഡബ്ല്യു.ടി.ഒക്ക് മൂക്കു കയറിട്ട് നിലക്ക് നിര്‍ത്തിക്കൂടെ എന്ന് ചോദിക്കാം. അവിടെയാണ് കളിയുടെ മര്‍മം. പറ്റില്ല. കാരണം, ഡബ്ല്യു.ടി.ഒ
ഭരണഘടനക്കും മേലെയാണ് അമേരിക്കന്‍ ഭരണഘടന. അഥവാ യു.എസ് ഭരണഘടനക്ക് കീഴില്‍ ആണ് വേള്‍ഡ്‌ട്രേഡ് ഓര്‍ഗനൈസേഷന്‍ എന്ന മഹാ സ്ഥാപനം എളുപ്പത്തില്‍ മനസ്സിലാവാന്‍ ഇന്ത്യന്‍ ഭരണഘടനക്കുമേല്‍ രണ്ട് ഭരണഘടനയുണ്ട്. ഒന്ന് ഡബ്ലി.ടി.ഒയുടേത് അതിനും മുകളില്‍ യു.എസിന്റേത്.
അപ്പോള്‍ സംഭവിക്കാന്‍ പലതുമുണ്ട്. ഡബ്ല്യു.ടി.ഒയുമായി കരാറില്‍ ഏര്‍പ്പെട്ട ഏതു രാജ്യങ്ങളും ഇതിന്റെ നിയമാവലികള്‍ ലംഘിച്ചാല്‍ കുടുങ്ങും. എന്നാല്‍, അമേരിക്ക മാത്രം കുടുങ്ങില്ല. അമേരിക്കയുടെ ഇഷ്ട രാജ്യങ്ങളും കുടുങ്ങില്ല. ഇപ്പോള്‍ ആദ്യത്തെ അടി കിട്ടിയിരിക്കുന്നത് ചൈനക്കാണ്. അന്തര്‍ദേശീയ തലത്തില്‍ പുതിയ ട്രേഡ് വാറിന് നാന്ദി കുറിക്കുകയാണ്. ഇത് എവിടെ ചെന്ന് അവസാനിക്കുമോ എന്തോ എന്തായാലും ഇന്ത്യന്‍ വിപണിക്ക് നല്ല അടി കിട്ടിക്കെണ്ടേയിരിക്കുമെന്ന് തീര്‍ച്ചയാണ്. കാരണം ഇന്ത്യന്‍ വിപണിയുടെ വാതിലുകള്‍ അങ്ങ് തുറന്ന് മലര്‍ത്തിയിട്ടിരിക്കുകയാണല്ലോ.
അമേരിക്ക അലൂമിനിയം, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പെടുത്താന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ചൈനയടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കം സിസ്റ്റത്തിന് മൊത്തം ഭീഷണിയാവുമെന്ന് ഡബ്ല്യു.ടി.ഒ
മേധാവി തന്നെ പറഞ്ഞു കഴിഞ്ഞു. പക്ഷെ, അവര്‍ക്കെന്തു നടപടിയെടുക്കാന്‍ കഴിയും ഒന്നും കഴിയില്ല. അംഗരാജ്യങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്തു തന്നെ ആയാലും ട്രംപല്ലേ. അയാള്‍ പോവുന്ന വഴിക്ക് എല്ലാവരും ചെല്ലും. അത്ര തന്നെ.
അമേരിക്കയില്‍ പ്രതിസന്ധി നേരിടുന്ന വ്യവസായത്തെ സംരക്ഷിക്കാന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പന്ന ഇറക്കുമതി കുറയ്ക്കാനാണത്രെ തീരുവ കൂട്ടിയത്. ഇവ രണ്ടും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ചൈനയുടെ ഇക്കോണമിക്ക് ഇത് ഏല്‍പിക്കുന്ന ആഘാതം അത്ര ചെറുതായിരിക്കില്ല.
ഇന്ത്യ അമേരിക്കക്ക് പരുത്തിയോ റബ്ബറോ കയറ്റി അയക്കുന്നുണ്ടെന്ന് വിചാരിക്കുക. ഇവക്ക് രണ്ടിനും മേല്‍ സമാനമായ തീരുവ ചുമത്തിയാല്‍ എന്തായിരിക്കും സംഭവിക്കുക? കയറ്റുമതി ഇടിയും. സ്വാഭാവികമായും ഉല്‍പാദനവും കയറ്റുമതിയും തമ്മിലുള്ള ബന്ധം താളം തെറ്റിയാല്‍ വിപണിയെ മൊത്തത്തില്‍ ബാധിക്കും. ഇതു തന്നെയാണ് നാളെ ഡബ്ല്യു.ടി.ഒ
യുമായി കരാറില്‍ ഏര്‍പെട്ട എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കാന്‍ പോവുന്നത്.
ഫ്രീ മാര്‍ക്കറ്റിന്റെ പേരില്‍ അമേരിക്ക എല്ലാ രാജ്യങ്ങളിലും കിടന്ന് മേയാന്‍ പോവുകയാണ്. അത് ഇതുവരെയുള്ളതുപോലെ ആയിരിക്കില്ല. അതിന് ഏറ്റവും ചെറിയ ഉദാഹരണമാണ് നേരത്തെ പറഞ്ഞ കോഴിക്കച്ചവടം. ഇനി ഇന്ത്യന്‍ കോഴിക്കാലുകള്‍ ആയിരിക്കില്ല നിങ്ങള്‍ കഴിക്കുക. നല്ല അസ്സല്‍ അമേരിക്കന്‍ “കോഴി ” ആയിരിക്കും. അതെങ്ങനെയെന്നല്ലേ
കഴിഞ്ഞ ദിവസം ഒരു വാര്‍ത്തയുണ്ടായിരുന്നു. സംസ്ഥാനത്തെ കോഴിക്കച്ചവടം തകര്‍ച്ചയുടെ വക്കില്‍ എന്ന്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് ഇന്‍ക്യുബേറ്ററില്‍ വെച്ച് വരിയിച്ചെടുക്കുന്ന “കോഴി”കള്‍ അതിര്‍ത്തി കടന്നു വരുന്നു. നമ്മള്‍ അത് പൊരിച്ചും കരിച്ചും നിറച്ചും നിര്‍ത്തിയും കിടത്തിയുമൊക്കെ അകത്താക്കുന്നുണ്ട്. ഇനി തമിഴ് കോഴികള്‍ ഇവിടെ ക്ലച്ചു പിടിക്കില്ല. അതിനേക്കാള്‍ കുറഞ്ഞ വിലയില്‍ അമേരിക്കന്‍ കോഴിക്കാലുകള്‍ ഇവിടെയെത്തും. നേരത്തെയുളള കെന്റക്കി ചിക്കനേക്കാളും വിപണികള്‍ കീഴടക്കും അത്.
ഡബ്ല്യു.ടി.ഒ യുടെ ഫ്രീ മാര്‍ക്കറ്റ് സാധ്യതകള്‍ വെച്ച് എല്ലാ വിപണികളിലും ഇനി അമേരിക്കന്‍ ആധിപത്യം നേടും. മറ്റുള്ളവരുടെ ഫ്രീ ട്രേഡ് അമേരിക്കയുടെ സുരക്ഷയെ ചൊല്ലി തടയുകയും ചെയ്യും. എന്താവുമോ എന്തോ?