Sports News
വീഡിയോ: ആളറിഞ്ഞ് കളിക്കെടാ... ഈ മുതലേതാണെന്ന് ഫ്‌ളിന്റോഫിനോട് ചോദിച്ചാല്‍ പറഞ്ഞ് തരും; ഫൈനലിലെ പ്രധാന കാഴ്ച
സ്പോര്‍ട്സ് ഡെസ്‌ക്
4 days ago
Monday, 17th March 2025, 9:17 am

 

കഴിഞ്ഞ ദിവസം നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗില്‍ വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ മാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. റായ്പൂരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യ മാസ്റ്റേഴ്‌സിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മാസ്റ്റേഴ്‌സ് അംബാട്ടി റായിഡുവിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 17 പന്ത് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

കലാശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്ങും വെസ്റ്റ് ഇന്‍ഡീസ് താരം ടിനോ ബെസ്റ്റും തമ്മിലുള്ള വാഗ്വാദങ്ങള്‍ക്കും ആരാധകര്‍ സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തിനിടെ ഇരു താരങ്ങളും പരസ്പരം ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു.

മത്സരത്തിന്റെ 13ാം ഓവറിനിടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള തര്‍ക്കം കൈവിട്ടുപോകാതെ വിന്‍ഡീസ് നായകന്‍ ബ്രയാന്‍ ലാറയും യുവരാജിന്റെ സഹതാരം അംബാട്ടി റായിഡുവും ചേര്‍ന്ന് പരിഹരിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള തര്‍ക്കം 2007 ടി-20 ലോകകപ്പിലേക്കാണ് ആരാധകരെ കൂട്ടിക്കൊണ്ടുപോയത്. ഇംഗ്ലണ്ട് സൂപ്പര്‍ താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫുമായുള്ള തര്‍ക്കവും അന്ന് യുവതാരമായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡിനെ ഓവറിലെ ആറ് പന്തിലും സിക്‌സറിന് പറത്തിയതുമെല്ലാം ആരാധകര്‍ ഒരുനിമിഷം ഓര്‍ത്തെടുത്തു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയിരുന്നു. ലെന്‍ഡില്‍ സിമ്മണ്‍സിന്റെ അര്‍ധ സെഞ്ച്വറിയുടെയും ഡ്വെയ്ന്‍ സ്മിത്തിന്റെ പ്രകടനത്തിന്റെയും കരുത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

41 പന്തില്‍ 57 റണ്‍സാണ് സിമ്മണ്‍സ് നേടിയത്. ഒരു സിക്സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. രണ്ട് സിക്സറും ആറ് ഫോറും അടക്കം 35 പന്തില്‍ 45 റണ്‍സ് നേടിയാണ് ഡ്വെയ്ന്‍ സ്മിത് പുറത്തായത്.

ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയടക്കം നിരാശപ്പെടുത്തിയ മത്സരത്തില്‍ ദിനേഷ് രാംദിനാണ് ഇരട്ടയക്കം കണ്ട മറ്റൊരു ബാറ്റര്‍. 17 പന്തില്‍ 12 റണ്‍സാണ് താരം സ്വന്തമാക്കിയത്. ബ്രയാന്‍ ലാറ, വില്യം പെര്‍കിന്‍സ്, ചാഡ്വിക് വാള്‍ട്ടണ്‍ എന്നിവര്‍ ആറ് റണ്‍സ് വീതം നേടിയും രവി രാംപോള്‍ രണ്ട് റണ്‍സിനും പുറത്തായി.

ഒടുവില്‍ ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് പോരാട്ടം അവസാനിപ്പിച്ചു.

ഇന്ത്യ മാസ്റ്റേഴ്സിനായി വിനയ് കുമാര്‍ മൂന്നും ഷഹബാസ് നദീം രണ്ടും വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം പുറത്തെടുത്തു. സ്റ്റുവര്‍ട്ട് ബിന്നിയും പവന്‍ നേഗിയും ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. സച്ചിനും റായിഡുവും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തിയിരുന്നു.

ടീം സ്‌കോര്‍ 67ല്‍ നില്‍ക്കവെ സച്ചിനെ മടക്കി ടിനോ ബെസ്റ്റ് കൂട്ടുകെട്ട് പൊളിച്ചു. 18 പന്തില്‍ 25 റണ്‍സാണ് താരം നേടിയത്. പിന്നാലെയെത്തിയ ഗുര്‍കിരാത് സിങ് മന്‍ 12 പന്തില്‍ 14 റണ്‍സിനും പുറത്തായി.

ടീം സ്‌കോര്‍ 127ല്‍ നില്‍ക്കവെ മൂന്നാം വിക്കറ്റായി അംബാട്ടി റായിഡുവും പുറത്തായി. 50 പന്തില്‍ 74 റണ്‍സ് നേടിയാണ് റായിഡു മടങ്ങിയത്. ഒമ്പത് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. സെമി ഫൈനലിലടക്കം നിരാശപ്പെടുത്തിയ റായിഡും ഫൈനലില്‍ തകര്‍ത്തടിച്ചു.

യൂസുഫ് പത്താന്‍ ബ്രോണ്‍സ് ഡക്കായി മടങ്ങിയെങ്കിലും ഇര്‍ഫാന്‍ പത്താന്‍ (11 പന്തില്‍ പുറത്താകാതെ 13), സ്റ്റുവര്‍ട്ട് ബിന്നി (ഒമ്പത് പന്തില്‍ പുറത്താകാതെ 16) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സിനായി ആഷ്ലി നേഴ്സ് രണ്ട് വിക്കറ്റും സുലൈമാന്‍ ബെന്‍, ടിനോ ബെസ്റ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Content Highlight: Heated argument between Yuvraj Singh and Tino Best during International Masters League Final