മുംബൈ: നടി ഊര്‍മിള മദോണ്ഡ്കറിനെ നിയമസഭാ കൗണ്‍സിലേക്ക് ശിവസേന നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
സംസ്ഥാന നിയമസഭയുടെ അപ്പര്‍ ഹൗസിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന 12 പേരുടെ പട്ടികയില്‍ ഊര്‍മിള മദോണ്ഡ്കറിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഊര്‍മിള മദോണ്ഡ്കറിനെ നാമനിര്‍ദേശം ചെയ്യണോ വേണ്ടയോ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമായിരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഊര്‍മിള പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത്.
മുംബൈയിലെ 12 അംഗ ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്കുള്ള ആളുകളെ ഗവര്‍ണറാണ് തെരഞ്ഞെടുക്കുക. സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വ്യക്തികളെയാണ് നാമനിദേശം ചെയ്യുക.
വ്യാഴാഴ്ച വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മഹാരാഷ്ട്ര മന്ത്രിസഭ ചേര്‍ന്നിരുന്നു. ഭരണകക്ഷികളായ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി എന്നീ പാര്‍ട്ടികളുടെ നാല് പേരെയാണ് നാമനിര്‍ദേശം ചെയ്യുക.
വിഷയത്തില്‍ ഉടന്‍ തീരുമാനമെടുത്ത് മഹാവികാസ് അഘാഡി സഖ്യം പേരുകള്‍ ഗവര്‍ണര്‍ക്ക് നല്‍കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനില്‍ പരബ് പറഞ്ഞു. ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ശിവസേനയില്‍ ചേര്‍ന്ന ഏക്‌നാഥ് ഖഡ്‌സെയുടെ പേരും ശിവസേനയുടെ ലിസ്റ്റില്‍ പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍.