കൊടുക്കല്‍ വാങ്ങലുകള്‍ വേണ്ടി വരും; 2024ല്‍ യു.പി.എ-3 സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് സാധ്യമാണ്; കപില്‍ സിബല്‍
national news
കൊടുക്കല്‍ വാങ്ങലുകള്‍ വേണ്ടി വരും; 2024ല്‍ യു.പി.എ-3 സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് സാധ്യമാണ്; കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th June 2023, 11:34 pm

ന്യൂദല്‍ഹി: 2024 ല്‍ യു.പി.എ-3 സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് സാധ്യമാണെന്ന് രാജ്യസഭാ എം.പി കപില്‍ സിബല്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുവായ ലക്ഷ്യവും അത് പ്രതിഫലിപ്പിക്കുന്ന അജണ്ടയും സ്ഥാനാര്‍ത്ഥികളെ നല്‍കാനും വാങ്ങാനും തയ്യാറാവുകയും ചെയ്താല്‍ ബി.ജെ.പിയെ നേരിടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ജൂണ്‍ 23ന് പ്രതിപക്ഷ പാര്‍ട്ടി യോഗം പാട്‌നയില്‍ വെച്ച് നടക്കാനിരിക്കെയാണ് സിബലിന്റെ പരാമര്‍ശം.

ഇന്ത്യക്കായുള്ള പുതിയ വീക്ഷണങ്ങളെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിബല്‍ ഇക്കാര്യം പറഞ്ഞത്. 2024ലെ തെരഞ്ഞെടുപ്പ് മോദിക്കെതിരായിട്ടുള്ളതല്ലെന്നും അദ്ദേഹം പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നിരയില്‍ ഭിന്നതയുണ്ടാകുമ്പോള്‍ ബി.ജെ.പിക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് പ്രായോഗികമായി സാധിക്കുമോ എന്നതിനെ കുറിച്ചും സിബല്‍ സംസാരിച്ചു.

‘രാജസ്ഥാന്‍, ഹരിയാന, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ യഥാര്‍ത്ഥ പ്രതിപക്ഷം കോണ്‍ഗ്രസാണ്. അതുകൊണ്ട് ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സര്‍ക്കാരുകള്‍, നമുക്കറിയാം ബംഗാളില്‍ തൃണമൂലാണ് പ്രധാന പങ്കാളിയെന്ന്, ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുറച്ച് മണ്ഡലങ്ങളെ ഉള്ളൂ,’ അദ്ദേഹം പറഞ്ഞു.

‘തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും ഡി.എം.കെയും പ്രശ്‌നങ്ങള്‍ക്ക് സാധ്യതയില്ല. ഇതിന് മുന്‍പും യാതൊരു പ്രശ്ങ്ങളും ഇല്ലാതെ ഒരുമിച്ച് മത്സരിച്ചിട്ടുള്ളതാണ്. തെലങ്കാനയില്‍ ചെറിയ പ്രശ്‌നമുണ്ടായേക്കാം. ആന്ധ്രാപ്രദേശില്‍, ജഗന്റെ പാര്‍ട്ടി (വൈ.എസ്.ആര്‍.സി.പി), കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്നിവ ഉള്‍പ്പെടുന്ന ത്രികോണ മത്സരം ആണുള്ളത്. അതുകൊണ്ട് ഒരു പ്രതിപക്ഷ സഖ്യം ഉണ്ടാകാന്‍ സാധ്യതയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ കൊടുക്കലും വാങ്ങലും വേണ്ടി വരുമെന്നും സിബല്‍ പറഞ്ഞു. ‘രണ്ടോ അധിലധികമോ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ഒരേ സീറ്റില്‍ മത്സരിക്കുന്ന സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും സീറ്റ് നല്‍കുമ്പോള്‍ കൊടുക്കലും വാങ്ങലും ആവശ്യമാണ്. ഇതെല്ലാം അംഗീകരിക്കാന്‍ സാധിച്ചാല്‍ യു.പി.എ-3 സാധ്യമാണെന്നാണ് ഞാന്‍ കരുതുന്നത്,’ അദ്ദേഹം പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പിലെ വിജയം പാര്‍ട്ടിക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിട്ടുള്ളതെന്നും സിബല്‍ പറഞ്ഞു. ‘ബി.ജെ.പിയെ തോല്‍പ്പിക്കാനാകും എന്നതിന് ഉദാഹരണമായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പ്. ലോക് സഭാ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: UPA 3 could be reality in 2024: Kapil sibal