'ലവ് ജിഹാദി'ന്റെ പേരില്‍ യു.പിയില്‍ വീണ്ടും നിയമനിര്‍മാണം; മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവ്
national news
'ലവ് ജിഹാദി'ന്റെ പേരില്‍ യു.പിയില്‍ വീണ്ടും നിയമനിര്‍മാണം; മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 9:50 am

ന്യൂദല്‍ഹി: ലവ് ജിഹാദ് വ്യാജപ്രചരണം വീണ്ടും ഉയര്‍ത്തി യു.പിയില്‍ പുതിയ നിയമഭേദഗതി. മതപരിവര്‍ത്തനത്തിനുള്ള ശിക്ഷാനടപടി ജീവപര്യന്തമാക്കി ഉയര്‍ത്തിയാണ് പുതിയ ഭേദഗതി യോഗി സര്‍ക്കാര്‍ അവതരിപ്പിച്ചത്.

നിലവിലെ മതപരിവര്‍ത്തന നിരോധന നിമയത്തിന്റെ ഭേദഗതി നിര്‍ദേശിക്കുന്ന മതപരിവര്‍ത്തന നിരോധന ബില്‍ ചൊവ്വാഴ്ച ഉത്തര്‍പ്രദേശ് നിയമസഭയില്‍ വീണ്ടും അവതരിപ്പിച്ചു. 2012ലാണ് ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിയമം സര്‍ക്കാര്‍ പാസാക്കിയത്. ഇതുപ്രകാരം ഒരുവര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ കഠിനതടവും 50,000 രൂപ പിഴയുമാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നിലവിലുള്ള ശിക്ഷ.

ബി.ജെ.പി ഈ ഭേദഗതിയെ സ്വാഗതം ചെയ്തപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ ഈ നീക്കത്തെ രൂക്ഷമായി എതിര്‍ത്ത് രംഗത്തെത്തി.

 

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റേത് വിദ്വേഷം പരത്താനുള്ള വിഭജന നീക്കമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫക്‌റുല്‍ ഹസന്‍ പറഞ്ഞു. ലവ് ജിഹാദിനെതിരെ എന്ന പേരില്‍ സംസ്ഥാനത്ത് ഇതിനോടകം തന്നെ ഒരു നിയമം നിലവിലുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ വിഭജന തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചയാണ് പാര്‍ലമെന്റികാര്യ വകുപ്പ് മന്ത്രിയായ സുരേഷ് ഖന്ന സഭയില്‍ ‘നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന (ഭേദഗതി) ബില്‍ 2024’ അവതരിപ്പിച്ചത്.

പുതിയ ഭേദഗതി പ്രകാരം മതപരിവര്‍ത്തന കേസുകളില്‍ ഇപ്പോള്‍ ആര്‍ക്കും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. നേരത്തെ പരാതി നല്‍കാന്‍ മതപരിവര്‍ത്തനം ചെയ്‌പ്പെട്ട സ്ത്രീയുടെയോ അവരുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയോ സാന്നിധ്യം ആവശ്യമായിരുന്നു.

ഈ കേസുകള്‍ സെഷന്‍സ് കോടതിക്ക് താഴെയുള്ള ഒരു കോടതിയും പരിഗണിക്കില്ല. ഇതോടൊപ്പം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് മുമ്പിലെത്താതെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഭേദഗതി ചെയ്ത എല്ലാ കുറ്റകൃത്യങ്ങളെയും ജാമ്യമില്ലാ വകുപ്പിന്റെ കീഴിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

2020ലാണ് യു.പി സര്‍ക്കാര്‍ മതപരിവര്‍ത്തനം തടയുന്നതിനായുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ നിയമസഭയുടെ ഇരുസഭകളും ഈ ഓര്‍ഡിനന്‍സ് പാസാക്കിയതോടെ 2021ല്‍ ഇത് നിയമമായി പ്രാബല്യത്തില്‍ വന്നു.

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിയമം അനുസരിച്ച് സ്വമേധയാ മതപരിവര്‍ത്തനത്തിനായി വ്യക്തികള്‍ രണ്ട് മാസം മുമ്പ് മജിസ്‌ട്രേറ്റിനെ അറിയിച്ച് അനുമതി തേടണം. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനമാണെങ്കില്‍ അത് അസാധുവായി കണക്കാക്കപ്പെടും.

വാഗ്ദാനങ്ങള്‍ നല്‍കിയോ പ്രലോഭിപ്പിച്ചോ വഞ്ചാനാപരമായോ വ്യാജമായ രീതിയിലോ ഉള്ള മതപരിവര്‍ത്തനങ്ങളും ഉത്തര്‍പ്രദേശില്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമായി കണക്കാക്കും.

വിവാഹത്തിന് ശേഷം മതംമാറ്റുന്നതും ലവ് ജിഹാദും അടക്കമുള്ള പരാതികള്‍ വ്യാപകമാണെന്ന വാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഭേദഗതി സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നാണ് ബി.ജെ.പിയുടെ നിലപാട്.

 

Content Highlight: UP passes amendments to anti-conversion law