2016 ഫെബ്രുവരിയില്‍ ക്യാമ്പസില്‍ രാഷ്ട്രീയക്കാര്‍ പ്രവേശിക്കരുതെന്ന് ദയൂബന്ദ് ഉത്തരവിട്ടിരുന്നു.
ലക്‌നൗ: തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയക്കാര്‍ വരേണ്ടതില്ലെന്ന മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശിലെ മതപഠന കേന്ദ്രമായ ദയൂബന്ദ്. തങ്ങളുടേത് ഒരു മതസ്ഥാപനമാണെന്നും രാഷ്ട്രീയക്കാര്യവും പറഞ്ഞ് ഒരു സ്ഥാനാര്‍ത്ഥിയും ഇങ്ങോട്ടു വരേണ്ടതില്ലെന്ന് ദയൂബന്ദ് വക്താവ് മൗലാന അഷ്‌റഫ് ഉസ്മാനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയില്‍ ദയൂബന്ദിനെ നയിക്കുന്ന മൗലാന മുഫ്തി അബ്ദുല്‍ കാസിം നൊമാനി ഒരു മുസ്‌ലിം നേതാവിനെയോ രാഷ്ട്രീയ നേതാവിനെയോ കാണില്ലെന്നും വക്താവായ അഷ്‌റഫ് ഉസ്മാനി പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പോകരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
2016 ഫെബ്രുവരിയില്‍ ക്യാമ്പസില്‍ രാഷ്ട്രീയക്കാര്‍ പ്രവേശിക്കരുതെന്ന് ദയൂബന്ദ് ഉത്തരവിട്ടിരുന്നു.
യു.പിയില്‍ ജനുവരി 4 മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ട്. ഇതുകൂടെ പരിഗണിച്ചാണ് തീരുമാനമെന്നും ദയൂബന്ദ് വക്താവ് പറഞ്ഞു. ഉത്തര്‍പ്രദേശ് വോട്ടെടുപ്പ് രാഷ്ട്രീയത്തില്‍ മുസ്‌ലിംങ്ങള്‍ നിര്‍ണായക ഘടകമാണെന്നിരിക്കെ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളില്‍ നേതാക്കള്‍ ദയൂബന്ദില്‍ സന്ദര്‍ശനം നടത്തുക പതിവാണ്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ദാദ്രി, മുസഫര്‍നഗര്‍ കലാപമടക്കം നിരവധി മുസ്‌ലിം വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുക. നിലവില്‍ അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനടക്കമുള്ള പാര്‍ട്ടികള്‍ പ്രദേശത്ത് പ്രചരണം ആരംഭിച്ചിട്ടുണ്ട്.