നടന്മാരുടെ ശബ്ദം പാട്ടുകളില്‍ മനോഹരമായി കേള്‍ക്കുന്നത് വിചിത്രമായി തോന്നാറുണ്ട്, എന്റെ സിനിമയില്‍ ഞാന്‍ തന്നെ പാടും: ഉണ്ണി മുകുന്ദന്‍
Film News
നടന്മാരുടെ ശബ്ദം പാട്ടുകളില്‍ മനോഹരമായി കേള്‍ക്കുന്നത് വിചിത്രമായി തോന്നാറുണ്ട്, എന്റെ സിനിമയില്‍ ഞാന്‍ തന്നെ പാടും: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st December 2022, 11:30 pm

അഭിനേതാക്കള്‍ സ്വന്തം ശബ്ദത്തില്‍ സിനിമയില്‍ പാടണമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു ടോണില്‍ സംസാരിക്കുന്നവര്‍ പെട്ടെന്ന് മനോഹരമായ ശബ്ദത്തില്‍ പാട്ട് പാടുന്നത് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാറുണ്ടെന്നും സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

‘ഞാന്‍ എന്തിനാണ് എന്റെ സിനിമയില്‍ പാട്ട് പാടുന്നതെന്ന് കുറെപ്പേര് എന്നോട് ചോദിച്ചിട്ടുണ്ട്. സിനിമയില്‍ പെട്ടെന്ന് ഒരു ടോണില്‍ സംസാരിച്ചുകൊണ്ടിരുന്ന നടന്‍ പെട്ടെന്ന് വളരെ മനോഹരമായ ശബ്ദത്തില്‍ പാട്ട് പാടുന്നത് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാറുണ്ട്. പാട്ട് പാടുന്നവരുടെ ജോലി കളയണമെന്നല്ല ഞാന്‍ പറയുന്നത്. അവര്‍ ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റാണ്.

വെസ്റ്റിലൊക്കെ ഗായകര്‍ക്ക് വലിയ ഫാന്‍ ഫോളോവിങ്ങ് ഉള്ളതാണ്. അഭിനേതാക്കള്‍ക്ക് കിട്ടുന്ന അതേ അംഗീകാരം ഗായകര്‍ക്കും അവിടെ കിട്ടുന്നുണ്ട്. അത് വേറെ ഒരു ടാലന്റാണ്. സിനിമയില്‍ അത് പെട്ടെന്ന് മാറ്റാന്‍ പറ്റില്ല. ആ സ്ട്രക്ച്ചര്‍ ഭയങ്കര ശക്തമാണ്. ക്ലാസിക്കലും നാടന്‍ പാട്ടുകളുമൊക്കെ ചേര്‍ന്ന് റിച്ചായ കള്‍ച്ചറാണ് നമുക്കുള്ളത്. അതുകൊണ്ട് നമ്മുടെ ഒരു സിനിമയിലെ പാട്ട് ഒരു നടന് പെട്ടെന്ന് പഠിച്ച് പാടാന്‍ പറ്റില്ല.

അതല്ലാതെ സാധാരണ സിനിമകകളില്‍, ഞാനെന്നല്ല ഏത് നടനും ടെക്‌നിക്കല്‍ സപ്പോര്‍ട്ടോടുകൂടി കുറച്ചുകൂടി നല്ല രീതിയില്‍ പാടിയെടുത്ത് കഴിഞ്ഞാല്‍ ആ ആത്മാവ് നഷ്ടമാകില്ല. അതുകൊണ്ടാണ് എന്റെ പ്രൊഡക്ഷനില്‍ ഈ വക പരീക്ഷണങ്ങള്‍ നടത്തുന്നത്. ഷെഫീക്കിന്റെ സന്തോഷത്തില്‍ ഞാന്‍ മൂന്ന് പാട്ട് പാടിയിട്ടുണ്ട്. ഒരു പാട്ട് എഴുതിയിട്ടിുണ്ട്. ആ കഥാപാത്രത്തിന്റെ സത്യസന്ധത അങ്ങനെ തന്നെ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് അത്. അതില്‍ ചിലര്‍ പരാതിയും പറഞ്ഞു. ചിലര്‍ അഭിനന്ദിക്കുകയും ചെയ്തു,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഷെഫീക്കിന്റെ സന്തോഷമാണ് പുതുതായി റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്റെ ചിത്രം. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രം നവംബര്‍ 25നാണ് റിലീസ് ചെയ്തത്. ബാല, ആത്മീയ, ദിവ്യ പിള്ളൈ, മനോജ് കെ. ജയന്‍, സ്മിനു സിജോ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

Content Highlight: Unni Mukundan says actors should sing in their own voice in films